വീണ്ടും ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ എന്‍ഒസി നല്‍കിയില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് ഉന്നയിക്കുന്നത്.


പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ അപേക്ഷ കാണാനില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ശ്രീലങ്ക യാത്ര മുടങ്ങിയെന്നും പ്രശാന്ത് ആരോപിച്ചു. പാര്‍ട്ട് ടൈം പിഎച്ച്ഡിക്ക് വേണ്ട എന്‍ഒസിയുടെ കാര്യത്തിലും ഇതേ അവസ്ഥയാണെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. എ ജയതിലക് ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുകയാണെന്നും പ്രശാന്ത് ആരോപിച്ചു.

ഫേസ്ബുക്കിലൂടെയാണ് എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് രംഗത്തെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തതായിരുന്നു ശ്രീലങ്ക യാത്രയെന്നും ഇത് ലൊയോള സ്‌കൂള്‍ റീയൂണിയനുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും പ്രശാന്ത് പറയുന്നു. സസ്‌പെന്‍ഷനിലായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി ഒരു സാധാരണ എന്‍ഒസി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് യാത്ര മുടങ്ങിയതെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാസ്പോര്‍ട്ട് പുതുക്കാന്‍ ഇത് നിര്‍ബന്ധമാണ്. എന്‍ഒസിക്കും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ മറുപടിയില്ലെന്നും പ്രശാന്ത് പറഞ്ഞു.

ഇത് വെറും ബ്യൂറോക്രസിക്കളിയല്ലെന്നും ഇത് വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനല്‍ മനസോടുകൂടിയുള്ള ഉപദ്രവമാണെന്നും പ്രശാന്ത് പറഞ്ഞു. ഒരു റീയൂണിയന്‍ നഷ്ടമാകുന്നത് ചെറിയ കാര്യമാണ്, പക്ഷെ ആത്മാഭിമാനവും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് മറ്റൊരു കാര്യമാണ്. രേഖകള്‍ നീക്കം ചെയ്യുന്നതും ഔദ്യോഗിക ഫയലുകളില്‍ തിരിമറി നടത്തുന്നതും കുറ്റകരമാണ്. സമയത്തിന് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാത്തത് ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണ്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എന്‍ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാസങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തതാണ് കൊളംബോയില്‍ വെച്ചുള്ള ഞങ്ങളുടെ ലോയോള സ്‌കൂള്‍ റീയൂണിയന്‍, 'തേസ് സാല്‍ ബാദ്'. സാധാരണ ഇത്തരം പരിപാടികളില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ല, പക്ഷെ ഇത്തവണ പ്രത്യേകിച്ച് സസ്പെന്‍ഷനിലായതുകൊണ്ട് എനിക്ക് തീര്‍ച്ചയായും പങ്കെടുക്കാനാവും എന്ന് കരുതി. ലോകത്തിന്റെ വിവിധ കോണിലുള്ള പഴയ കൂട്ടുകാരെ കാണാനും സൗഹൃദത്തിന്റെ നിമിഷങ്ങള്‍ തിരിച്ചുപിടിക്കാനും! ഇന്ന് എന്റെ സഹപാഠികള്‍ ഒത്തുചേരല്‍ കഴിഞ്ഞ് കൊളംബോയില്‍ നിന്ന് മടങ്ങി.

പക്ഷെ എനിക്ക് ഇത്തവണയും പോകാന്‍ കഴിഞ്ഞില്ല. ദൂരം കാരണമോ എന്റെ തിരക്ക് കാരണമോ അല്ല, മറിച്ച് ചീഫ് സെക്രട്ടറി ഒരു സാധാരണ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) പോലും തരാന്‍ തയ്യാറാകാത്തതുകൊണ്ടാണ്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാസ്പോര്‍ട്ട് പുതുക്കാന്‍ ഇത് നിര്‍ബന്ധമാണ്. എന്‍ഒസിക്കും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിനുമുള്ള എന്റെ അപേക്ഷ മാസങ്ങള്‍ക്ക് മുന്‍പേ സമര്‍പ്പിച്ചതാണ്. ഇന്നേവരെ മറുപടിയില്ല. അപേക്ഷ കാണ്മാനില്ല പോലും! ജൂലൈ 2-ന് മറ്റൊരു ഐഎഎസ് സഹപ്രവര്‍ത്തകന്‍ മുഖാന്തരം നേരിട്ട് ഡോ ജയതിലകിന് മറ്റൊരു സെറ്റ് അപേക്ഷ കൈമാറി. അന്വേഷിച്ചപ്പോള്‍ അത് സെക്ഷനിലുണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ കേള്‍ക്കുന്നത് അത് വീണ്ടും കാണാനില്ലെന്ന്! വിരോധാഭാസമെന്ന് പറയട്ടെ, ഞാന്‍ തന്നെ എന്റെ കീഴുദ്യോഗസ്ഥര്‍ക്ക് 30 സെക്കന്‍ഡിനുള്ളില്‍ എന്‍ഒസി നല്‍കിയിട്ടുണ്ട്, അവരുടെ ഫോട്ടോയില്‍ ഒപ്പിട്ടാല്‍ മാത്രം മതി. ഇത്രയേ ആവശ്യമുള്ളൂ. ഈ വിഷയത്തില്‍, പ്രകടമാവുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മാനസിക നിലവാരത്തെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.

എന്റെ പാര്‍ട്ട്-ടൈം പിഎച്ച്ഡി. ഗവേഷണത്തിനായുള്ള എന്‍ഒസി അപേക്ഷയും ഇതേ അവസ്ഥയിലാണ്. മാര്‍ച്ച് ഒൻപതിന് സമര്‍പ്പിച്ച ആ അപേക്ഷയ്ക്കും ഇതുവരെ ഒരു മറുപടിയുമില്ല. എന്റെ പ്രോപ്പര്‍ട്ടി റിട്ടേണ്‍സ്, മറ്റ് സ്റ്റേറ്റ്‌മെന്റുകള്‍, രേഖകള്‍ എന്നിവയുടെയൊന്നും അക്‌നോളജ്‌മെന്റോ സ്വീകരിച്ചതായുള്ള രേഖയോ തന്നിട്ടില്ല. കിട്ടിയ ഭാവം ഇല്ല. വിവരാവകാശ അപേക്ഷകള്‍ക്ക് കിട്ടുന്ന മറുപടികള്‍ തെറ്റായതും വഴിതെറ്റിക്കുന്നതുമാണ്. എന്റെ സര്‍വീസ് ഫയലില്‍ നിന്ന് പല നിര്‍ണായക രേഖകളും നീക്കം ചെയ്യപ്പെട്ടുവെന്നും കേള്‍ക്കുന്നു. വ്യക്തമായ രേഖകളോടുകൂടി ഇ-മെയില്‍ വഴി അയച്ച ഡിജിറ്റല്‍ അപേക്ഷകള്‍ക്ക് പോലും മറുപടിയില്ല. നേരിട്ട് നല്‍കിയ രേഖകളുടെ ഫിസിക്കല്‍ കോപ്പികള്‍ അദൃശ്യമായ പോലെയാണ് കൈകാര്യം ചെയ്യുന്നത്. 12 തവണ കത്തയച്ച ശേഷവും മുന്‍ ചീഫ് സെക്രട്ടറി പത്രക്കാരോട് പറഞ്ഞത് ഷോക്കോസിന് ഞാന്‍ മറുപടി നല്‍കിയില്ല എന്നാണ്. അവസാനം ലൈവ് സ്റ്റ്രീം ചെയ്യുമെന്ന് ഭയന്ന ഹിയറിങ്ങിലാണ് പല രേഖകളും ഉണ്ടെന്ന് സമ്മതിക്കേണ്ടി വന്നത്. പല രേഖകളും മനഃപൂര്‍വ്വം നീക്കം ചെയ്യപ്പെട്ടതായി ഇപ്പോഴും സംശയമുണ്ട്.


ഇത് വെറും ബ്യൂറോക്രസിക്കളിയല്ല. ഇത് വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനല്‍ മനസ്സോടുകൂടിയുള്ള ഉപദ്രവമാണ്. ഒരു റീയൂണിയന്‍ നഷ്ടമാകുന്നത് ചെറിയ കാര്യമാണ്, പക്ഷെ ആത്മാഭിമാനവും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് മറ്റൊരു കാര്യമാണ്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മനേക ഗാന്ധി ്. യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ച് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. രേഖകള്‍ നീക്കം ചെയ്യുന്നതും ഔദ്യോഗിക ഫയലുകളില്‍ തിരിമറി നടത്തുന്നതും കുറ്റകരമാണ്. സമയത്തിന് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാത്തത് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. നീതിബോധമുള്ള ഒരാളെങ്കിലും സിസ്റ്റത്തിനുള്ളില്‍, ചെയിന്‍ ഓഫ് കമാന്റില്‍ ഉണ്ടാവും എന്ന് വിശ്വസിച്ച് പല തവണ ഓര്‍മ്മപ്പെടുത്തി, കത്തുകള്‍ വീണ്ടും വീണ്ടും നല്‍കി, വേണ്ടുവോളം ക്ഷമിച്ചു. ഞാന്‍ ഒരു കാര്യം വ്യക്തമാക്കട്ടെ: ഈ രാജ്യത്ത് നിയമവാഴ്ച ഇനിയും ഇല്ലാതായിട്ടില്ല.

നിയമ വിദ്യാര്‍ത്ഥിയെന്ന നിലയില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയിലും, ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ നീതിയിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു: ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും.

ഉമ്മാക്കികള്‍ കണ്ട് ഭയപ്പെടാതെ നിലകൊള്ളുന്നതിന്റെ പ്രധാന കാരണം നിങ്ങള്‍, എന്റെ സഹപാഠികള്‍ തന്നെയാണ്. നമ്മള്‍ വളര്‍ന്നുവന്ന വിശിഷ്ടമായ ജെസ്യൂട്ട് പാരമ്പര്യം ഇപ്പോഴും വഴിവിളക്കായി എന്റെ കൂടെയുണ്ട്. 'വിശ്വാസവും നീതിയും വേര്‍പിരിക്കാനാവാത്തതാണെന്നും', അധികാരത്തിനോട് സത്യം വിളിച്ചുപറയണമെന്നും, 'വിശ്വാസത്തിന്റെ സേവനം എപ്പോഴും നീതിയെ പ്രോത്സാഹിപ്പിക്കലാണെന്നും' നമ്മുടെ സ്‌കൂള്‍ നമ്മളെ പഠിപ്പിച്ചു. നീതികേടിന് മുന്നില്‍ മൗനം പാലിക്കുന്നത് പോലും അനീതിയാണെന്ന് ഞങ്ങളുടെ അദ്ധ്യാപകര്‍ ഊട്ടി ഉറപ്പിച്ചതാണ്. ആ മൂല്യങ്ങള്‍ അനീതിയെ ചെറുക്കാനും ആത്മാഭിമാനത്തോടെ നിലകൊള്ളാനും ധൈര്യം നല്‍കുന്നു. ഭരണഘടനയും നിയമവും ഒടുവില്‍ വിജയിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. എനിക്ക് കൊളംബോയില്‍ നിങ്ങളോടൊപ്പം കൂടാന്‍ കഴിഞ്ഞില്ലെങ്കിലും, നമ്മുടെ മനസുകളും, നമ്മുടെ സ്‌കൂള്‍ ഓര്‍മ്മകളും, നമ്മള്‍ കാത്തുസൂക്ഷിക്കുന്ന 'ലൊയോളത്തവും' എന്റെ കൂട്ടുണ്ടായിരുന്നു എന്നറിയുക. അതല്ലേ ശക്തി! എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇത്തവണയും തേച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. അടുത്ത തവണ റെഡിയാക്കാം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !