തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരേ തുറന്നടിച്ച് ഡോ. ഹാരിസ് ചിറക്കൽ. കേരളം കൂടെനിന്നപ്പോഴും ചില സഹപ്രവർത്തകർ തന്നെ ജയിലിൽ അയക്കാൻ ശ്രമിച്ചു. വെള്ളിനാണയങ്ങൾക്കുവേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. അവർക്ക് കാലം മാപ്പുനൽകട്ടെ എന്ന് കെജിഎംസിടിഎ വാട്സാപ്പ് ഗ്രൂപ്പിൽ ഡോ. ഹാരിസിന്റെ സന്ദേശം.
ആരോപണങ്ങൾ വന്നപ്പോൾ ഒപ്പംനിൽക്കുമെന്ന് കരുതിയവർ പോലും കൂടെനിന്നില്ല. മാത്രമല്ല, തന്നെ ക്രൂശിക്കാൻ ശ്രമിക്കുകകൂടി ചെയ്തു. ഇതൊരു പൊതു പ്രശ്നമാണ്. ആ മേഖലയിൽ ബന്ധപ്പെട്ടവർക്ക് ഇത് ബോധ്യമുള്ള കാര്യങ്ങളാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ നിൽക്കാതെ അവ തുറന്നുപറഞ്ഞ എന്നെ ഒറ്റാൻ ശ്രമിച്ചു, ഹാരിസ് ചിറക്കൽ സന്ദേശത്തിൽ പറയുന്നു.
താൻ സന്ദേശം അയക്കാനിടയായ സാഹചര്യത്തേക്കുറിച്ച് പിന്നീട് ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് വിശദീകരിച്ചു. ലോകം മുഴുവൻ കള്ളനാക്കുകയും ക്രൂശിക്കുകയും ചെയ്യുമ്പോൾ വേറെ വഴിയില്ലായിരുന്നു. എന്നെ ഫോണിൽ വിളിച്ചു ചോദിക്കാമായിരുന്നു. ഒരു വിശദീകരണം ചോദിച്ചിരുന്നെങ്കിൽ പോയി പറഞ്ഞേനെ. പ്രിൻസിപ്പലിന്റേയും സൂപ്രണ്ടിന്റേയും വാർത്താസമ്മേളനം നടത്തുന്നതിന് മുമ്പ് നേരിട്ടോ ഫോണിലോ ചോദിച്ചില്ല. ലോകത്തോട് പറയുന്നതിന് മുമ്പ് ഒരു വാക്ക് എന്നോട് ചോദിക്കാമായിരുന്നു, ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.
മാധ്യമങ്ങൾക്ക് മുമ്പിൽ പ്രശ്നങ്ങൾ പറഞ്ഞതായിരിക്കാം അവരെ വിഷമിപ്പിച്ചത്. ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ അത് തീരും. വലിയൊരു ശക്തി മുമ്പിൽ നിൽക്കുമ്പോൾ ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല. ഒരാളെക്കൊണ്ട് സാധിക്കുന്നതല്ല. നമ്മുടെ ഭാഗത്ത് തെറ്റുകൾ കണ്ടുപിടിക്കാൻ കുറേപേർ തുനിഞ്ഞിറങ്ങിയാൽ വലിയ പ്രശ്നമാണ്.
ഒന്നും പേടിക്കണ്ട എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. പ്രിൻസിപ്പലിന്റേയും സൂപ്രണ്ടിന്റേയും വാർത്താസമ്മേളനം നടന്നതിന് ശേഷമാണ് ഇക്കാര്യം ഞാൻ തന്നെ അറിയിനുന്നത്, ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.ഇനി ഒരു പരാതിയുമായും മുന്നോട്ടുപോകില്ലെന്നും ലോകം മുഴുവൻ കള്ളനാക്കിയപ്പോൾ ആ വിഷമം പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വലിയതോതിൽ ചർച്ചയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ, ഡോ. ഹാരിസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണം മോഷണം പോയി എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലായിരുന്നു ഇക്കാര്യം രേഖപ്പെടുത്തിയിരുന്നത്. ഇത് ഹാരിസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. എന്നാൽ, ഉപകരണം പിന്നീട് കണ്ടെത്തി. ഇതേത്തുടർന്ന് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താ സമ്മേളനം നടത്തി. ഉപകരണം കണ്ടെത്തിയതിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാർത്താ സമ്മേളനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.