കണ്ണൂര്‍: കൂളിക്കടവ്, പത്തായക്കല്ല്, വട്ടോളി, നീണ്ടുനോക്കി പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പഴയ പാലത്തിന് സമാന്തരമായി വീതി കൂടിയ കൂളിക്കടവ് പാലം 6.40 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ കെ ശൈലജ എംഎല്‍എ അധ്യക്ഷയായി.
കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂര്‍- കുന്നോത്തുപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്തായക്കല്ല് പാലവും മന്ത്രി നാടിന് സമര്‍പ്പിച്ചു. കെ പി മോഹനന് എംഎല്‍എ അധ്യക്ഷനായി. 2.28 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന് 21.20 മീറ്റര്‍ നീളവും ഇരുഭാഗങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുള്‍പ്പെടെ 11 മീറ്റര്‍ വീതിയുണ്ട്.
വട്ടോളിപ്പുഴയ്ക്ക് കുറുകെ 8.06 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വട്ടോളിപ്പാലവും 3.7 കോടി ചിലവിട്ട് നവീകരിച്ച് മെക്കാഡം ടാറിങ്ങ് നടത്തിയ ചിറ്റാരിപ്പറമ്പ്- വട്ടോളി കോയ്യാറ്റില്‍ റോഡും മന്ത്രി മുഹമ്മദ് റിയാസ് നാടിന് തുറന്നുകൊടുത്തു. കെ കെ ശൈലജ എംഎല്‍എയാണ് അധ്യക്ഷത വഹിച്ചത്. വട്ടോളിപ്പുഴ റോഡില്‍ നിന്ന് ആരംഭിക്കുന്ന പുതിയ പാലം അക്കര വട്ടോളി കോയ്യാറ്റില്‍ റോഡിലാണ് അവസാനിക്കുന്നത്.
പേരാവൂര്‍ മണ്ഡലത്തിലെ നീണ്ടുനോക്കി പാലവും മന്ത്രി നാടിന് സമ്മാനിച്ചു. വീതികുറഞ്ഞ പഴയ പാലത്തിന് പകരമായി വീതി കൂടിയ പാലമാണ് പുതുതായി നിർമിച്ചുനൽകിയത്. 6.43 കോടി രൂപ ചിലവഴിച്ചാണ് വീതിയുള്ള പുതിയ പാലം നിർമ്മിച്ചത്.
പൊതുമരാമത്ത് റോഡുകളിലെ നിര്‍മാണവും പരിപാലനവും സംബന്ധിച്ച് പൊതുജനത്തിന് ഓഡിറ്റ് ചെയ്യാന്‍ പാകത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുളള മുപ്പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ പൊതുജനത്തിന് ഓഡിറ്റ് ചെയ്യാന്‍ പാകത്തില്‍ പരിപാലന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും വകുപ്പിന്റേതല്ലാത്ത റോഡുകളിലെ കുഴികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്, എന്നാല്‍ റോഡുകള്‍ക്ക് വന്ന മാറ്റങ്ങള്‍ പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതില്‍ ആത്മപരിശോധന നടത്താൻ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.