ന്യൂഡൽഹി : ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനഃരാരംഭിക്കാൻ ധാരണയായി. അതിർത്തി വ്യാപാരം, കൈലാസ –മാനസസരോവർ തീർഥാടന യാത്രകൾ എന്നിവ തുടരാനും ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളിൽ ധാരണയിലെത്തിയത്.
നേരിട്ടുള്ള വിമാനയാത്രകൾ പുനഃരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും മാധ്യമപ്രവർത്തകർക്കും മറ്റു സന്ദർശകർക്കും ഇരുഭാഗത്തേക്കും വീസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി. ദോക് ലാം സംഘർഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ് നിലച്ചത്. പിന്നാലെ കോവിഡ് മഹാമാരിയുമെത്തിയതോടെ ഇത് നീളുകയായിരുന്നു.ലിപുലേഖ് ചുരം, ഷിപ്കി ചുരം, നാഥുലാ ചുരം എന്നിവയിലൂടെ അതിർത്തി വ്യാപാരം പുനഃരാരംഭിക്കാനും ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി പുതിയ മാർഗങ്ങൾ തേടാനും ധാരണയായി. സംഘർഷ സാഹചര്യം ലഘൂകരിക്കുന്നതിന് നയതന്ത്രതല, സൈനികതല ചർച്ചകളും ഇരുരാജ്യങ്ങളും തുടരും.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും മെച്ചപ്പെട്ടതുമായ ബന്ധം മേഖലയ്ക്കും ആഗോള സമാധാനത്തിനും സമൃദ്ധിക്കും നല്ലതാണെന്നാണ് കൂടിക്കാഴ്ചക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.