പട്ന : ആരും ജയിലിൽ കിടന്നു ഭരിക്കാമെന്ന് ആഗ്രഹിക്കേണ്ടെന്നും അഴിമതിക്കാർക്കെതിരെയാണ് എൻഡിഎ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രി പോലും നിയമത്തിന്റെ പരിധിയിൽ വരും. അഴിമതിക്കാരാണ് ബില്ലിനെ എതിർക്കുന്നതെന്നും ബിഹാറിലെ ഗയയിൽ മോദി പറഞ്ഞു. മന്ത്രിമാർ 30 ദിവസം ജയിലിൽ കഴിഞ്ഞാൽ സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിൽ ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിൽ അഭിപ്രായം പറയുന്നത്.
‘‘ഒരു സർക്കാർ ജീവനക്കാരൻ 50 മണിക്കൂർ ജയിലിലായി എന്നിരിക്കട്ടെ, അതോടെ അയാളുടെ ജോലി ഇല്ലാതാകും. ഒരു ഡ്രൈവറോ, ക്ലർക്കോ, പ്യൂണോ ആവട്ടെ, അവർക്കും അങ്ങനെ തന്നെ. എന്നാൽ, ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലിൽ കഴിഞ്ഞുകൊണ്ടു പോലും ഭരണം നടത്താം. ജയിലിൽ നിന്നു ഫയലുകളിൽ ഒപ്പിടുന്നതും ജയിലിനുള്ളിൽ നിന്ന് സർക്കാർ ഉത്തരവുകൾ വരുന്നതും കുറച്ചു കാലം മുൻപ് നമ്മൾ കണ്ടതാണ്. നേതാക്കളുടെ മനോഭാവം ഇങ്ങനെയാണെങ്കിൽ നമുക്കെങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും?’’ മോദി ചോദിച്ചു.
വരാനിരിക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് പ്രധാന വെല്ലുവിളിയുയർത്തുന്ന ആർജെഡിയെ പ്രസംഗത്തിൽ മോദി വിമർശിച്ചു. ആർജെഡിയുടെ ഭരണകാലം ബിഹാറിനെ റാന്തൽ കാലത്തേക്ക് കൊണ്ടുപോയി. സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടു. ബിഹാറിന്റെ പിന്നാക്കാവസ്ഥയ്ക്കും നിയമവാഴ്ചയില്ലായ്മക്കും കാരണമായി. ബിഹാറിലെ ജനങ്ങളുടെ ആഗ്രഹങ്ങളും അന്തസ്സും വികസനവുമെല്ലാം അവഗണിച്ച് വോട്ടുബാങ്കായി മാത്രമാണ് കണ്ടിരുന്നതെന്നും ആർജെഡിയെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.
ബിഹാറിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടരുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് മറുപടിയെന്നോണമാണ് എൻഡിഎ മോദിയുടെ റാലി സംഘടിപ്പിച്ചത്. റാലിക്കിടെ സംസ്ഥാനത്ത് 13,000 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മോദി തറക്കല്ലിട്ടു.
അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രിമാർക്ക് പദവി നഷ്ടമാകുന്ന ഭരണഘടന ഭേദഗതി ബിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ് ബിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.