തമിഴ് നടന് വിശാലും നടി സായ് ധന്‍സികയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. കഴിഞ്ഞ മേയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിശാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരുവരുടേയും വിവാഹനിശ്ചയം നടന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. വിശാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രങ്ങളും താരം പങ്കുവെച്ചു. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്.
പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പരസ്പരം ചേര്‍ത്ത് പിടിച്ച് ഇരുവരും നില്‍ക്കുന്നതിന്റേയും പരസ്പരം വിരലുകളില്‍ മോതരം അണിയിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിശാല്‍ പങ്കുവെച്ചത്. ഒപ്പം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമുണ്ട്. വിവാഹനിശ്ചയം അറിയിച്ചുകൊണ്ടുള്ള വിശാലിന്റെ എക്സ് പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്.
'എന്റെ ജന്മദിനത്തില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശീര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സായ് ധന്‍സികയ്ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാര്‍ത്ത സന്തോഷപൂര്‍വം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു.' -ഇതാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ കുറിച്ചത്.
തമിഴില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത അഭിനേത്രിയാണ് സായ് ധന്‍സിക. 1989-ല്‍ തഞ്ചാവൂരില്‍ ജനിച്ച സായ് ധന്‍സിക, 2006-ല്‍ പുറത്തിറങ്ങിയ 'മനതോട് മഴൈക്കാലം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച സംവിധായകന് അര്‍പുതന്‍ ഒരുക്കിയ ചിത്രത്തില്‍, മലയാള നടന് ജയസൂര്യയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
2009-ല്‍ കന്നഡയില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കിലും ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനംചെയ്ത ദുല്‍ഖര്‍ സല്മാന് ചിത്രം 'സോളോ'യിലൂടെ മലയാളത്തില്‍ നടി സാന്നിധ്യം അറിയിച്ചു. 'സോളോ'യിലെ വേള്‍ഡ് ഓഫ് ശേഖറില്‍ ദുല്‍ഖറിന്റെ നായികാകഥാപാത്രമായ രാധികയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. കാഴ്ചാപരിമിതിയുള്ള നര്‍ത്തകിയുടെ വേഷമായിരുന്നു ചിത്രത്തില്‍.
രവിമോഹന് നായകനായ 'പേരന്മൈ', സംവിധായകന് ബാലയുടെ 'പരദേശി', രജനീകാന്തിന്റെ 'കബാലി', വിജയ് സേതുപതി നായകനായ 'ലാഭം' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ സായ് ധന്‍സിക ഭാഗമായിട്ടുണ്ട്. 'കബാലി'യില്‍ രജനീകാന്തിന്റെ മകളുടെ വേഷമാണ് സായ് ധന്‍സിക കൈകാര്യംചെയ്തത്.
സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'യോഗി ഡാ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് സായ് ധന്‍സിക അന്ന് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.