മുംബൈ ;മരക്കൊമ്പു വീണ് ഗുരുതരമായി പരുക്കേറ്റ 49 വയസ്സുകാരിയുടെ ജീവൻ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നുള്ള ഛായ പുരവിനാണ് എൻഎച്ച് 48ലുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്ന് ജീവൻ നഷ്ടമായത്.
വീടിനു സമീപത്തെ മരത്തിൽനിന്നു കൊമ്പൊടിഞ്ഞു വീണ് ഛായയുടെ വാരിയെല്ലുകൾക്കും തോളുകൾക്കും തലയ്ക്കുമായിരുന്നു പരുക്കേറ്റത്.പാൽഘറിലെ ആശുപത്രിയിൽ ആവശ്യമായ സൗകര്യം ഇല്ലാത്തതിനാൽ, ഛായയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു.
100 കിലോമീറ്ററായിരുന്നു ഇരു ആശുപത്രികൾക്കും ഇടയിലെ ദൂരം. സാധാരണയായി ഏകദേശം രണ്ടര മണിക്കൂർ യാത്രയ്ക്കായി വേണ്ടിവരും. ഛായയ്ക്ക് അനസ്തേഷ്യ നൽകി, ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആംബുലൻസിൽ മുംബൈയിലേക്കുള്ള യാത്ര ആരംഭിച്ചത്. എൻഎച്ച് 48ൽ പ്രവേശിച്ചതും ആംബുലൻസ് ഗതാഗതക്കുരുക്കിൽ അകപ്പെടുകയായിരുന്നു.
ഗതാഗതക്കുരുക്കിൽ അകപ്പെട്ട് മൂന്നു മണിക്കൂർ പിന്നിട്ടതോടെ അനസ്തേഷ്യയുടെ തോത് കുറയാൻ തുടങ്ങുകയും ഛായയ്ക്ക് വേദന അനുഭവപ്പെടുകയും ചെയ്തു. രാത്രി 7 മണിയോടെ ഹിന്ദുജ ആശുപത്രിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മീര റോഡിലുള്ള ഓർബിറ്റ് ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ചു. ഇവിടെ വച്ച് ഛായയുടെ മരണം സ്ഥിരീകരിച്ചു. 30 മിനിറ്റ് മുൻപ് ആശുപത്രിയിൽ എത്തിയിരുന്നെങ്കിൽ ഛായയെ രക്ഷിക്കാമായിരുന്നുവെന്ന് അവരുടെ ഭർത്താവ് കൗശിക്കിനോട് ഡോക്ടർമാർ പറഞ്ഞു.
നാലു മണിക്കൂർ അസഹനീയമായ വേദന കാരണം ഛായ കഷ്ടപ്പെടുന്നത് താൻ കണ്ടുവെന്ന് കൗശിക്ക് പറഞ്ഞു. ‘‘റോഡിൽ കുഴികൾ നിറഞ്ഞിരുന്നു. അത് അവൾക്ക് വളരെയധികം വേദനയുണ്ടാക്കി. അവൾ വേദന കാരണം നിലവിളിച്ചു കരഞ്ഞു. എത്രയും വേഗം തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് അവൾ അപേക്ഷിച്ചു. പക്ഷേ ഞങ്ങൾ കുടുങ്ങിപ്പോയി, തെറ്റായ വശത്തുനിന്നു വാഹനങ്ങൾ വന്നതിനാൽ ഗതാഗതക്കുരുക്ക് കൂടുതൽ വഷളായി.
ഛായയുടെ അവസ്ഥ മോശമായതിനാലാണ് രാത്രി 7 മണിയോടെ ഹിന്ദുജ ആശുപത്രിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മീര റോഡിലുള്ള ഓർബിറ്റ് ആശുപത്രിയിലേക്ക് പോയത്. പക്ഷേ വളരെ വൈകിയിരുന്നു.’’ – കൗശിക്ക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.