ന്യൂഡൽഹി: പത്തുവർഷമായി കുടുംബത്തിൽനിന്ന് അകന്ന് സന്യാസിയായി കഴിഞ്ഞിരുന്നയാൾ മടങ്ങിയെത്തി ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. ദക്ഷിണ ഡൽഹിയിലെ നേബ് സരായിയിൽ ബുധനാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ അയൽവാസികളാണ് കിരൺ ഝാ എന്ന സ്ത്രീയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
പുലർച്ചെ 4.09 ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന പ്രമോദ് ഝാ പുലർച്ചെ 12.50 ഓടെ കിരണിന്റെ വസതിയിൽനിന്ന് പുറത്തേക്ക് പോകുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടതായാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബിഹാർ സ്വദേശിയായ പ്രമോദ്, ഹെൽത്ത് കെയർ അസിസ്റ്റന്റായ ഭാര്യയിൽനിന്ന് വേർപിരിഞ്ഞാണ് കഴിഞ്ഞ 10 വർഷമായി താമസം. ബിഹാറിലെ മുൻഗർ ജില്ലയിലെ ചിഡിയാബാദ് ഗ്രാമത്തിൽനിന്ന് ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തിയത്.
മകൻ ദുർഗേഷ്, മരുമകൾ കമൽ, പേരക്കുട്ടി എന്നിവർക്കൊപ്പമാണ് കിരൺ താമസിച്ചിരുന്നത്. ബിഹാറിലെ ദർഭംഗയിലുള്ള ഒരു മൈക്രോ ഫിനാൻസ് കമ്പനിയിലാണ് ദുർഗേഷ് ജോലിചെയ്യുന്നത്. കൊലപാതകം നടക്കുമ്പോൾ അദ്ദേഹം ഡൽഹിയിൽ ഉണ്ടായിരുന്നില്ല.
പ്രതിയെ കണ്ടെത്താനായി നിരവധി പോലീസ് സംഘങ്ങളെ നിയോഗിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. "കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടന്നുവരികയാണ്," ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.