ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിലിന് പുറത്തിറങ്ങി. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഒമ്പത് ദിവസത്തിന് ശേഷം കന്യാസ്ത്രീകൾ ജയിൽ മോചിതരായത്.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ്-ഇടത് എംപിമാരും എംഎൽഎമാരും ബിജെപി നേതാക്കളും ജയിലിന് മുമ്പിൽ കന്യസ്ത്രീകളെ സ്വീകരിക്കുന്നതിനായി ബന്ധുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യസ്ത്രീമാരെ സ്വീകരിച്ചത്.
അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. സന്തോഷം പങ്കുവെയ്ക്കാൻ നിരവധിപേരാണ് ജയിലിന് മുന്നിലെത്തിയത്. സമീപത്തെ കന്യാസ്ത്രീ മഠത്തിലേക്കാണ് ഇവർ പോകുന്നത്. ഇവിടെയായിരിക്കും ഇനി കന്യാസ്ത്രീമാർ ഉണ്ടാകുക.
ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.
കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു.
പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.