തിരുവനന്തപുരം : തന്റെ മുറി മറ്റൊരു താഴിട്ടു പൂട്ടിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണത്തിനു മറുപടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ജബ്ബാര്‍ രംഗത്ത്. ഡോ. ഹാരിസിന്റെ മുറിയില്‍ പരിശോധന നടത്തുകയും ഒരു ഉപകരണം കാണുകയും ചെയ്തുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഒരു ബോക്സില്‍ ചില ബില്ലുകള്‍ കണ്ടെത്തിയതില്‍ അസ്വഭാവികതയുണ്ടെന്നും വിശദമായ പരിശോധന നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും ഡോ.പി.കെ.ജബ്ബാര്‍ പറഞ്ഞു. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന പരാതിയാണ് ഡോ. ഹാരിസ് ഉന്നയിച്ചത്. തന്റെ ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ന്നത്.
ഡോ.ഹാരിസ് വെളിപ്പെടുത്തിയത് ചെറിയ ഒരു പ്രശ്നമാണെന്നും പ്രഗത്ഭരായ ഡോക്ടര്‍മാരാണ് അന്വേഷിച്ചതെന്നും പ്രിന്‍സിപ്പല്‍ ഡോ. പി.കെ.ജബ്ബാര്‍ പറഞ്ഞു. ആര് ചട്ടലംഘനം നടത്തിയാലും അന്വേഷിക്കും. ഒരു ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്.
ഒരു ചെറിയ പ്രശ്നത്തിന്റെ പേരില്‍ അതിന്റെ സല്പേര് കെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഡോ.ഹാരിസ് വളരെ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഡോക്ടര്‍ ആണെന്ന് ആര്‍ക്കും സംശയമില്ല. അദ്ദേഹം ഒരു വിഷയം ഉന്നയിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് വലിയ വിവാദമാകുകയും അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. പ്രഗത്ഭരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതി അന്വേഷിച്ച് ശുപാര്‍ശകള്‍ നല്കി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ശുപാര്‍ശ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
യൂറോളജി വിഭാഗത്തില്‍ ഒരു ഉപകരണം കാണാനില്ലെന്ന കാര്യവും സമിതി ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച ഡിഎംഇയുടെ നേതൃത്വത്തില്‍ പലയിടത്തും പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വകുപ്പു മേധാവിയുടെ മുറിയില്‍ പരിശോധന നടത്തണമെന്ന് പറഞ്ഞതനുസരിച്ച് പ്രിന്‍സിപ്പലായ ഞാന്‍ അവിടെ പരിശോധന നടത്തുകയും ഉപകരണം കാണുകയും ചെയ്തു. യൂറോളജി വിഭാഗത്തിലെ ഡോ.ടോണിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
അദ്ദേഹം ഒരു ഉപകരണം കാട്ടിത്തന്നു. വിശദമായ പരിശോധന വേണമെന്നു തോന്നിയതിനാല്‍ ഇന്നലെ വീണ്ടും ഡോ. ഹാരിസിന്റെ ഓഫിസില്‍ പരിശോധന നടത്തി. ഡോ.സാജു, ഡോ.ടോണി എന്നിവരും ഡിഎംഇ പോലെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അവിടെ ഒരു ഉപകരണം കണ്ടു. അതിനിടെ ഒരു സംശയം തോന്നി അടുത്തിരുന്ന ബോക്സ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ ചില ബില്ലുകള്‍ കണ്ടെത്തി. തലേന്ന് ആ ബോക്സ് അവിടെ ഉണ്ടായിരുന്നില്ല. അസ്വാഭാവികത തോന്നിയതിനാല്‍ കൂടുതല്‍ പരിശോധന നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കണമെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.