പാലക്കാട്: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉണ്ടായ പാർട്ടി നടപടിയുടെ പശ്ചാത്തലത്തിൽ, പാലക്കാട്ട് കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്.
എ ഗ്രൂപ്പിലെ ഷാഫി പറമ്പില്‍ അനുകൂലികളുടെ നേതൃത്വത്തിൽ യോഗം ചേർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എഎംഎല്‍എയെ പാലക്കാട് മണ്ഡലത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് യോഗം എന്നാണ് സൂചന.
കഴിഞ്ഞ ഒന്‍പതുദിവസമായി പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുല്‍ ഉള്ളത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിച്ചാല്‍ അത് വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് പാർട്ടി.
ഇനി ഔദ്യോഗികപരിപാടികളില്‍ പങ്കെടുത്താല്‍ രാഷ്ട്രീയ എതിരാളികളുടെ പ്രതിഷേധം നേരിടേണ്ടിവരികയും ചെയ്യും. അതിനാല്‍ ക്ലബ്ലുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി പാര്‍ട്ടിയുടേതല്ലാത്ത, എന്നാല്‍ കോണ്‍ഗ്രസ് അനുഭാവികളുടേതായ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കുക എന്നതാണ് നീക്കം.
മാത്തൂരിലെയും പിരായിരിയിലും പാലക്കാട് നഗരത്തിലെയും പരിപാടികളിലാകും രാഹുല്‍ പങ്കെടുക്കുക. ഓണത്തിനുശേഷം രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുവരാനാണ് നീക്കം. അതിനിടെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാല്‍ അതിനെ അനുകൂലമായി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. അധികംനാള്‍ മണ്ഡലത്തില്‍നിന്ന് മാറിനില്‍ക്കുന്നത് ദോഷകരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
അതേസമയം, രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുവരാന്‍ തന്റെ വീട്ടില്‍ യോഗം നടന്നെന്ന വാര്‍ത്ത കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ നിഷേധിച്ചു. പാലക്കാട്ട് എ ഗ്രൂപ്പ് യോഗം നടന്നുവെന്ന വാര്‍ത്ത ഷാഫി പറമ്പിലും നിഷേധിച്ചിട്ടുണ്ട്. ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.