കൊച്ചി : ഒഡീഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ ഓരോ സംസ്ഥാനങ്ങളിലും വർധിച്ചു വരികയാണെന്നും ക്രൈസ്തവർ ഭയത്തിലാണ് കഴിയുന്നതെന്നും സിബിസിഐ പ്രസിഡന്റ് കൂടിയായ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ഒഡീഷയിലെ ബാലസോർ രൂപതയ്ക്കു കീഴിലുള്ള ജാലേശ്വറിൽ വച്ച് മലയാളി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടത്. മരിച്ചുപോയ പ്രാദേശിക ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ നടന്ന പ്രാർഥനയ്ക്കും കുർബാനയ്ക്കും പോയി മടങ്ങിയവരെ 70ഓളം പേരടങ്ങുന്ന സംഘം മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആക്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ എല്ലാ മതങ്ങളിലുമുണ്ട്. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാഹോദര്യത്തോടെ ഒരുമിച്ച് ജീവിക്കാൻ നടപടി ഉണ്ടാവേണ്ടത് സര്‍ക്കാരുകളുടെ ഭാഗത്തു നിന്നാണ്. ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചാലും ഇതാണ് സഭ ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
‘ഭയമില്ലാെത ജീവിക്കാൻ സാധിക്കണം. നേരത്തെ ജബൽപ്പൂരിൽ ആക്രണമുണ്ടായി. പിന്നീട് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായി. അവർ പേടിച്ചിരിക്കുന്ന അവസ്ഥയാണ്. ആക്രമിക്കപ്പെട്ടാൽ പോലും ആരോടും മിണ്ടരുത്, കൂടുതൽ ആക്രമണം ഉണ്ടാകും എന്നാണ് അവർ പറയുന്നത്. ഭയമില്ലാതെ ജീവിക്കാൻ അവസരമൊരുക്കേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും പേരു പറയുന്നില്ല. ഭരിക്കുന്ന സർക്കാരുകൾ എന്നു മാത്രമേ പറയുന്നുള്ളൂ. മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ അടുത്ത കാലത്ത് ആക്രമണങ്ങൾ കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ നടപടികൾ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണം’’, സിബിസിഐ പ്രസിഡന്റ് പറഞ്ഞു. നിരപരാധികൾ ജയിലിൽ കിടക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘നിർബന്ധിത മതപരിവർത്തനത്തിന് ക്രൈസ്തവരും എതിരാണ്.സ്വാതന്ത്ര്യത്തിന്റെ സമയത്ത് 2.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലരും പറയുന്നത് ക്രൈസ്തവ മതം പുതിയതാണ്, വിദേശത്തു നിന്ന് വന്നതാണ് എന്നാണ്. എന്നാൽ ക്രൈസ്തവ രാജ്യങ്ങൾ എന്നു പറയുന്ന പല യൂറോപ്യൻ രാജ്യങ്ങളും ക്രിസ്തുവിനെക്കുറിച്ച് കേൾക്കുന്നതിനു മുൻപ് ഭാരതത്തിൽ ക്രൈസ്തവരുണ്ട്.
2000 കൊല്ലത്തെ പാരമ്പര്യമുള്ള ക്രൈസ്തവ മതം ഇന്ത്യൻ മതം തന്നെയാണ്. അതിനെ വിദേശമതം എന്നു പറഞ്ഞ് ആക്രമിക്കാൻ പറ്റില്ല. ഒരു കന്യാസ്ത്രീ ഉടുപ്പിട്ടു നടന്നാൽ ഒരു പുരോഹിതനെ കണ്ടാൽ, ഒരു പ്രാർഥന നടക്കുന്നിടത്ത് ഒരാൾ എത്തിയാൽ ഇതെല്ലാം നിർബന്ധിത മതപരിവർത്തനം എന്ന് വ്യാഖ്യാനിച്ച് ആക്രമിക്കുന്നതിനെയാണ് എതിർക്കുന്നത്’– മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.