ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ എത്തിച്ച ഒരേയൊരു സംസ്ഥാനമേ ഇന്ത്യയിലുള്ളുവെന്നും അത് കേരളമാണെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച പെരുമ്പളം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾക്കായി ഒരാളും പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങേണ്ടതില്ലാത്ത സാഹചര്യമൊരുക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. കെ സ്മാർട്ട് വന്നതോടുകൂടി ഇത് സാധ്യമായിക്കഴിഞ്ഞു. ഇതൊരു അതിശയോക്തിയല്ല. തങ്ങളുടെ പഞ്ചായത്തുകളിൽ നിന്ന് ലഭിക്കേണ്ട ഏത് സേവനവും ഇന്ന് ലോകത്ത് എവിടെയിരുന്നുകൊണ്ടും ആർക്കും നേടാം.
സേവനങ്ങൾക്കായി ഓഫീസുകളിലേക്ക് നടന്നു ചെരുപ്പ് തേയുന്ന അവസ്ഥ മാറിക്കഴിഞ്ഞു. ആവശ്യമായ സർട്ടിഫിക്കറ്റുകൾ എല്ലാം മിനിറ്റുകൾ വാട്സാപ്പിൽ കയ്യിലെത്തുന്ന സ്ഥിതിയാണിന്ന്. നികുതി അടക്കാനും ജനന സർട്ടിഫിക്കറ്റ് ലഭിക്കാനും വിവാഹം രജിസ്റ്റർ ചെയ്യാനുമൊന്നും ആരും ഇന്ന് പഞ്ചായത്ത് ഓഫീസിൽ കയറേണ്ടതില്ല. പണ്ട് വിവാഹം രജിസ്റ്റർ ചെയ്യൽ വിവാഹത്തേക്കാൾ ഭാരിച്ച ചടങ്ങായിരുന്നു. ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് പോകേണ്ടതില്ല. 45000ത്തിലധികം വിവാഹ രജിസ്ട്രേഷനുകൾ വീഡിയോ കെ വൈ സി വഴി നടന്നു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
പെരുമ്പളം മനോഹരമായ സ്ഥലമാണ്. ഇത് വൃത്തികേടാകാതെ സൂക്ഷിക്കണം. ബിന്നുകളും ബോട്ടിൽ ബൂത്തുകളും ആവശ്യത്തിന് സ്ഥാപിച്ചാൽ മാലിന്യം വലിച്ചെറിയുന്ന സ്വഭാവം കുറയും. എന്നിട്ടും വലിച്ചെറിയുന്നവർക്കെതിരെ കർശനമായി പിഴ ചുമത്തണം. ശക്തമായ നടപടി സ്വീകരിക്കണം. ഇത് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ദലീമ ജോജോ എംഎല്‍എ അധ്യക്ഷയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.