ബെയ്ജിങ്: രണ്ടാമതൊരു കുട്ടി ജനിച്ചാൽ 10 ലക്ഷം രൂപവരെ പിഴ ചുമത്തിയിരുന്ന ചൈനയിൽ ഇപ്പോൾ രണ്ടാമത്തെ കുട്ടിക്ക് ആദ്യത്തെ മൂന്ന് വർഷം ഒന്നര ലക്ഷം രൂപ നൽകുമെന്നാണ് ചൈനീസ് സർക്കാറിന്റെ വാഗ്ദാനം.
ഏറെക്കാലം ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ചൈനയിൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറയുകയാണ്. പതിറ്റാണ്ടുകൾ ഒറ്റക്കുട്ടി നയത്തിൽ ഉറച്ചുനിന്നിരുന്ന ചൈനയിൽ പക്ഷെ, അതുകൊണ്ടല്ല കുട്ടികളുടെ എണ്ണം കുറയുന്നതെന്നതാണ് വിചിത്രം. പുതിയ തലമുറയ്ക്ക് കുട്ടികളെ പരിപാലിക്കാൻ ഒട്ടും താൽപ്പര്യമില്ലെന്നതാണ് ചൈനീസ് സർക്കാരിനെ കുഴക്കുന്നത്.
കനത്ത പിഴകളും നിർബന്ധിത ഗർഭഛിദ്രങ്ങളും വന്ധ്യംകരണങ്ങളും വഴി കുറച്ച് കുട്ടികളുണ്ടാകാൻ പതിറ്റാണ്ടുകളോളം ശ്രമിച്ച ചൈനയക്ക് കടുത്ത വെല്ലുവിളിയാവുകയാണ് 'ജെൻ സീ'യുടെ കടുത്ത നിലപാട്. കുറഞ്ഞുവരുന്ന ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ, കഴിഞ്ഞയാഴ്ച ചൈന ഒരു പ്രഖ്യാപനം നടത്തി. ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ, ഓരോ കുട്ടിക്കും മൂന്ന് വയസ്സ് വരെപ്രതിവർഷം 3,800 യുവാൻ(50,000 രൂപ) സബ്‌സിഡി നൽകും.
ചൈനയിൽ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് വളരെ വലുതാണ്. വർഷത്തിൽ 3,600 യുവാൻ എന്നത് ഒന്നുമല്ലെന്നാണ് പുതിയ തലമുറ പറയുന്നത്. ബെയ്ജിംഗ് ആസ്ഥാനമായുള്ള യുവ പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല പഠനമനുസരിച്ച്, ചൈനയിൽ ഒരു കുട്ടിയെ 18 വയസ്സ് വരെ വളർത്താൻ ശരാശരി 5,38,000 യുവാൻ (65 ലക്ഷം രൂപ) ചെലവ് വരും. ഇത് രാജ്യത്തെ ആളോഹരി ജിഡിപിയുടെ ആറിരട്ടിയിലധികമാണ്. ഷാങ്ഹായിയിലും ബെയ്ജിങ്ങിലും ഇത് 10 ലക്ഷം യുവാൻ കവിയുന്നു.
ചൈനയുടെ മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയും കുതിച്ചുയരുന്ന യുവജന തൊഴിലില്ലായ്മയും കുട്ടികളുടെ എണ്ണം കുറയുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ചൈന 2016-ൽ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടാകാൻ അനുവദിച്ചു, പിന്നീട് 2021-ൽ ഇത് മൂന്നായി ഉയർത്തി. എന്നിട്ടും ജനനനിരക്ക് കുറഞ്ഞുകൊണ്ടേയിരുന്നു. കഴിഞ്ഞ വർഷം ജനനനിരക്കിൽ നേരിയ വർധനവുണ്ടായെങ്കിലും, തുടർച്ചയായ മൂന്നാം വർഷവും ജനസംഖ്യ കുറയുകയാണ്. ഇനിയും വലിയ ഇടിവുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സമാനമായ നയങ്ങൾ ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. താങ്ങാനാവാത്ത വിലക്കയറ്റം, നീണ്ട പ്രവൃത്തിദിനങ്ങൾ, അസ്ഥിരമായ തൊഴിൽ വിപണി എന്നിവ പല ചൈനീസ് യുവാക്കൾക്കും ഒരു കുടുംബം തുടങ്ങാനുള്ള വിമുഖതയ്ക്ക് കാരണമാവുന്നു.
2025-ന്റെ തുടക്കത്തിലാണ് ചൈനയെ മറികടന്ന് ഇന്ത്യ ലോകജനസംഖ്യയിൽ ഒന്നാമതെത്തിയത്. 140 കോടി ജനസംഖ്യയുള്ള ചൈനയേക്കാൾ 146 കോടി ജനങ്ങളുമായി ഇന്ത്യ ഇപ്പോൾ മുന്നിലാണ്. ഏറെക്കാലം ഒരു കുടുംബത്തിന് ഒരു കുട്ടി നയം കർശനമായി പാലിച്ച ചൈനയിൽ 2023 മുതലാണ് ജനസംഖ്യയുടെ വർധനവിൽ കുറവു രേഖപ്പെടുത്തി തുടങ്ങിയത്. ഇപ്പോൾ ഏകദേശം 143 കോടി കോടിയാണ് ചൈനയുടെ ജനസംഖ്യ എന്നു കരുതപ്പെടുന്നു.
ചൈനീസ് സോഷ്യൽ മീഡിയയിൽ, ചിലർ തങ്ങൾക്കോ സഹോദരങ്ങൾക്കോ ജന്മം നൽകിയതിന് മാതാപിതാക്കൾ ഒരുകാലത്ത് അടച്ച പിഴയുടെ പഴയ രസീതുകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളോളം, ചൈനയുടെ സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്തപ്പോൾ, തങ്ങളുടെ മാതാപിതാക്കളേക്കാൾ മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യുവതലമുറ വളർന്നുവന്നത്. ആ ശുഭാപ്തിവിശ്വാസം ഇപ്പോൾ മങ്ങുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.