ദില്ലി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും അമേരിക്കയുടെയും താരിഫ് ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വ്യാപാരയുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതേണ്ടെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി. രാജ്യ താൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്.
"റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്," എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിപണി ചലനാത്മകതയും ദേശീയ താൽപ്പര്യങ്ങളും അനുസരിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും, റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം ഇളവ് കുറഞ്ഞതിനാലും യുഎസ് മുന്നറിയിപ്പ് നൽകിയതിനാലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ സംസ്ഥാന റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, കടൽമാർഗമുള്ള റഷ്യൻ ക്രൂഡിൻ്റെ ഏറ്റവും വലിയ ഉപഭോക്താവാണ്. യുക്രൈൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇന്ത്യ വിലക്കുറവിൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിന് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നേരത്തെ വിമർശിച്ചിരുന്നു.
ഇതിനു പുറമെ, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. റഷ്യ യുക്രൈനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ, ക്ഷീര, കാർഷിക ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ബീഫ് ഉൾപ്പടെ ഇറക്കുമതി തീരുവ കുറയ്ക്കാനാകാത്ത ഉത്പന്നങ്ങളുടെ പട്ടിക വാണിജ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.