ന്യൂഡൽഹി : ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പാസ്പോർട്ട് കെട്ടിവയ്ക്കണം, അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. കോടതി ഉത്തരവ് ജയിലിൽ എത്തുന്നതോടെ ഇവർ ജയിൽ മോചിതരാകും. ജാമ്യത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി കുടുംബം പറഞ്ഞു.
ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ മൂന്നു പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. പ്രായപൂർത്തിയായ പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയത്.
മനുഷ്യക്കടത്ത് എൻഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവ പരിഗണിക്കാൻ എൻഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്ഗഡ് സർക്കാർ വാദിച്ചത്. ഇത് അഡിഷനൽ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു. ആദ്യം കേസ് പരിഗണിച്ച മജിസ്ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്.
ഇതോടെയാണ് കന്യാസ്ത്രീകൾ എൻഐഎ കോടതിയെ സമീപിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും വിശദീകരണം വകവയ്ക്കാതെയാണ് അറസ്റ്റെന്നും സിബിസിഐ ആരോപിച്ചിരുന്നു.
ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.