പാലക്കാട് / കോഴിക്കോട്∙ പാലക്കാട് കണ്ണംകുണ്ട് വെള്ളയാർ പുഴയിൽ വീണ് യുവാവ് മരിച്ചു. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കണ്ണം കണ്ടിലെ ഏലംകുളവൻ യൂസഫിന്റെ മകൻ സാബിത്ത് (26) ആണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ കണ്ണംകുണ്ട് കോസ്‌വേയിൽ നിന്നും പുഴയിൽ വീണത്. കോസ്‌വേയിൽ തങ്ങിയ മാലിന്യം സുഹൃത്തുക്കളോടൊപ്പം നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒഴുകി പോകുന്നത് കണ്ടതോടെ നാട്ടുകാരും സുഹൃത്തുക്കളും പുഴയിലേക്കു ചാടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാത്രി തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ നാട്ടുകാർ, അഗ്നിരക്ഷാസേന, സ്കൂബ ടീം എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കടൂർപടി ഭാഗത്ത് പുഴയുടെ അടിയിൽ മരത്തിൽ തങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് സാബിറ. സഹോദരങ്ങൾ സുൽഫത്ത്, ഷിഫാനത്ത്, ദാനിഷ്.
പോസ്റ്റ‌്മോർട്ടത്തിനായി മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർഥി അലന്റെ (16) മൃതദേഹം നാലാം ദിവസമാണ് കണ്ടെത്തിയത്. പവർ ഹൗസിലേക്കുള്ള ഇൻടേക്കിൽ തങ്ങി നിൽക്കുന്ന നിലയിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ചേരിയിൽനിന്നു വന്ന ആറംഗ സംഘത്തിൽപെട്ട പ്ലസ് വൺ വിദ്യാർഥി, കച്ചേരിപ്പടി സ്വദേശി അഷറഫ് വളശ്ശേരിയുടെ മകൻ അലൻ (16) വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ടത്. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയായ അലനും സഹപാഠികളും പതിനൊന്നരയോടെയാണ് പതങ്കയത്ത് എത്തിയത്. ഒപ്പം വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു.
ഒരു കല്ലിൽ പിടിത്തം കിട്ടിയതിനാൽ സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് അവനെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയും അതിനു കീഴിലുള്ള സ്പെഷൽ ടാസ്ക് ഫോഴ്‌സ്, സ്‌കൂബ ടീം അംഗങ്ങൾ, സിവിൽ ഡിഫൻസ്, ആപ്താ മിത്ര വൊളന്റിയർമാർ കോടഞ്ചേരി പൊലീസ്, റവന്യു വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.