കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ,സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യത.204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.