കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‍ലൻഡിലെ ബാങ്കോക്കിൽ നിന്ന് മലേഷ്യയിലെ ക്വാലലംപുർ വഴി കടത്തിക്കൊണ്ടുവന്ന 4.06 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് ഇന്നു രാവിലെ പിടികൂടിയത്. ഇതിനു രാജ്യാന്തര വിപണിയിൽ 4 കോടി രൂപയിലധികം വില വരും.
ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഇരിഞ്ഞാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം. ആർക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും കസ്റ്റംസ് വ്യക്തമാക്കി. ഭക്ഷ്യവസ്തുവിന്റെ പായ്ക്കറ്റിലാക്കിയായിരുന്നു ഇയാൾ ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നു ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്ൻ അടക്കമുള്ള രാസലഹരികളും വ്യാപകമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ മാസങ്ങളിലും തെക്കുകിഴക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തിച്ച ലഹരി കൊച്ചിയിൽ പിടികൂടിയിരുന്നു. ജൂലൈയിൽ നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് 17 കോടി രൂപയുടെ 163 കൊക്കെയ്ൻ ഗുളികകൾ ആയിരുന്നു.
ഏപ്രിലിൽ ബാങ്കോക്കിൽ നിന്നു കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശി തുളസിയിൽ നിന്നു പിടിച്ചെടുത്തത് 1.19 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ്. ഏപ്രിലിൽ തന്നെ തായ്‍ലൻഡിൽ നിന്ന് എത്തിച്ച 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു കൊച്ചിയിൽ പിടിയിലായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിൽ ചെക്ക് ഇൻ ബാഗേജിലായിരുന്നു ഇത് ഒളിപ്പിച്ചിരുന്നത്.
ഇക്കഴിഞ്ഞ മാർച്ചിൽ ജയ്പുർ സ്വദേശിയും മോഡലുമായ മാൻവി ചൗധരി, മെയ്ക്ക്അപ് ആർട്ടിസ്റ്റും ഡൽഹി സ്വദേശിനിയുമായ ചിബ്ബെത് സ്വാന്ദി എന്നിവരെ കൊച്ചി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്ന് 15 കിലോഗ്രാം കഞ്ചാവുമായി വരുമ്പോഴായിരുന്നു ഇവർ പിടിയിലായത്. മെയ്ക്ക്അപ്പ് സാധനങ്ങളെന്ന വ്യാജേനയായിരുന്നു കടത്ത്. അതേ മാസം തന്നെ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സ്ത്രീകളിൽ നിന്ന് ഒന്നര കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.