ജറുസലേം: ഗാസയിൽ വെടിനിർത്തലും ബന്ദിമോചനവും ആവശ്യപ്പെട്ട് ഇസ്രയേലിൽ ഞായറാഴ്ച വ്യാപകപ്രക്ഷോഭം നടന്നു. ഗതാഗതം തടഞ്ഞും കടകളടച്ചിട്ടും പണിമുടക്കിയും ഒട്ടേറെപ്പേർ അണിചേർന്നു.
ബന്ദികളിൽ ഏതാനുംപേരുടെ കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു സംഘടനകളാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. എല്ലുംതോലുമായ ബന്ദികളുടെ വീഡിയോ പുറത്തുവരികയും ഇസ്രയേൽ ഗാസയിൽ ആക്രമണം ശക്തമാക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്.
രാഷ്ട്രീയക്കാരുടെ വീടുകളുടെയും സേനാ ആസ്ഥാനങ്ങളുടെയും പുറത്തും പ്രധാന റോഡുകളിലും ജനം ഒത്തുകൂടി. ഗതാഗതം സ്തംഭിപ്പിച്ചവരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. 32 പേരെ പോലീസ് അറസ്റ്റുചെയ്തു.
പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏതാനും ഭക്ഷണശാലകളും തിയേറ്ററുകളും അടച്ചിട്ടു. 2024 സെപ്റ്റംബറിൽ ആറു ബന്ദികളെ ഗാസയിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനുശേഷം ഇസ്രയേലിൽ നടക്കുന്ന ഏറ്റവും ശക്തമായ പ്രക്ഷോഭമാണിത്. ഇത്തരം പ്രതിഷേധപ്രകടനങ്ങൾ ഇസ്രയേലിൽ അപൂർവമാണ്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയ 251 ബന്ദികളിൽ 50 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട്. ഇവരിൽ 20 പേരേ ജീവനോടെയുള്ളൂ എന്നാണ് കരുതുന്നത്. ഗാസയിൽ യുദ്ധം ശക്തമാക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം ഇവരുടെ ജീവൻ അപകടത്തിലാക്കും എന്ന് പ്രക്ഷോഭകർ പറയുന്നു. സൈനികനടപടികൊണ്ട് ബന്ദികളെ തിരിച്ചുകിട്ടില്ലെന്നും കരാറിലൂടെ മാത്രമേ അതു സാധ്യമാകൂ എന്നും ടെൽ അവീവിലെ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുൻ ബന്ദി അബ്രേൽ യെഹൂദ് പറഞ്ഞു.
എന്നാൽ, ഹമാസിനെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഒരുകരാറിനെയും പിന്തുണയ്ക്കില്ല എന്ന കടുത്തനിലപാടിലാണ് ഇസ്രയേൽ സഖ്യസർക്കാരിലെ തീവ്ര വലതു പാർട്ടികൾ. ഞായറാഴ്ചത്തെ പ്രക്ഷോഭം മോശവും അപകടകരവുമായ പ്രചാരണമാണെന്ന് ധനമന്ത്രി ബെസാലൽ സ്മോട്റിച്ചും ഇസ്രയേലിനെ ദുർബലമാക്കാനുള്ള ശ്രമമാണെന്ന് ദേശസുരക്ഷാമന്ത്രി ഇതാമർ ബെൻ ഗ്വിറും പറഞ്ഞു. ഹമാസിനെ തോൽപ്പിക്കുംമുൻപ് യുദ്ധം അവസാനിപ്പിക്കണമെന്നു പറയുന്നവർ അവരെ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടു.
പ്രക്ഷോഭകർ വെടിനിർത്തൽ ആവശ്യപ്പെടുമ്പോൾ ഹമാസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഗാസാ സിറ്റിയിലും ജനസംഖ്യകൂടുതലുള്ള മറ്റു പ്രദേശങ്ങളിലും ആക്രമണം ശക്തമാക്കാൻ തയ്യാറെടുക്കുകയാണ് ഇസ്രയേൽ. ഇവിടങ്ങളിൽനിന്ന് തെക്കോട്ടേക്ക് പലസ്തീൻകാരെ മാറ്റുന്നതിനുമുന്നോടിയായി കൂടുതൽ കൂടാരങ്ങൾ അവിടേക്കെത്തിക്കുകയാണ് സൈന്യം. 22 മാസമായി തുടരുന്ന യുദ്ധത്തിൽ 61,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ഞായറാഴ്ച രണ്ടു കുട്ടികൾ പോഷകാഹാരക്കുറവിനാൽ മരിച്ചു. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 18 പേരും മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.