കേരളത്തിൽ സ്വർണവിലയ്ക്ക് ഇന്നു പുത്തൻ ഉയരം. ഗ്രാമിന് 20 രൂപ വർധിച്ച് വില 9,400 രൂപയും പവന് 160 രൂപ ഉയർന്ന് 75,200 രൂപയുമായി. ഇന്നലെയും ഇക്കഴിഞ്ഞ ജൂലൈ 27നും കുറിച്ച ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമെന്ന റെക്കോർഡ് തകർന്നു.
കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങൾക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് കൂടിയത്. ആനുപാതികമായി പണിക്കൂലി, നികുതി എന്നിവയുടെ ഭാരവും കൂടുമെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും കനത്ത തിരിച്ചടിയായി. ഓണവും വിവാഹസീസണും അടുത്തെത്തിയിരിക്കേയാണ് വിലക്കുതിപ്പ്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യാന്തര സാമ്പത്തികമേഖലയ്ക്കുമേൽ വിതയ്ക്കുന്ന താരിഫ് ആശങ്കകൾ സ്വർണ നിക്ഷേപ പദ്ധതികൾക്ക് ‘പ്രതിസന്ധിക്കാലത്തെ താൽക്കാലിക സുരക്ഷിത താവളം’ എന്ന പെരുമ സമ്മാനിക്കുന്നതാണ് സ്വർണത്തിന് ഡിമാൻഡും വിലയും കൂടാനിടയാക്കുന്നത്. ഇന്ത്യയ്ക്കുമേൽ മൊത്തം 50% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, അടുത്തത് ചൈനയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന സൂചന നൽകിയിട്ടുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ നടപടിയെടുത്ത താങ്കൾ, ഇതേ ‘കുറ്റത്തിന്’ ചൈനയ്ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അതും ഉടനെയുണ്ടാകും’ എന്നായിരുന്നു ട്രംപിന്റെ മറുപടി.ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലുൾപ്പെടുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേലുള്ള ട്രംപിന്റെ കടുത്ത നിലപാടുകൾ രാജ്യാന്തര സാമ്പത്തികരംഗത്ത് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഓഹരി, കടപ്പത്ര, കറൻസി വിപണികളെ അസ്ഥിരപ്പെടുത്തുന്നതാണ് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന നേട്ടം സമ്മാനിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കിന്റെ (യുഎസ് ഫെഡറൽ റിസർവ്) ചെയർമാൻ സ്ഥാനത്ത് ട്രംപ് തന്റെ വിശ്വസ്തരിലൊരാളെ നിയമിക്കാൻ ശ്രമിക്കുന്നതും സ്വർണത്തിന് ഉത്തേജകമാകുന്നു. ട്രംപിന്റെ സ്വാധീനവും സമ്മർദവും വർധിക്കുന്നത് യുഎസ് ഫെഡിനെ പലിശനിരക്ക് വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കും. ∙ പലിശനിരക്ക് കുറയുന്നതോടെ ബാങ്ക് നിക്ഷേപങ്ങളും യുഎസ് കടപ്പത്രങ്ങളും അനാകർഷകമാകും. ∙ ഇവയിലേക്കുള്ള നിക്ഷേപം കുറയുന്നത് ഡോളറിനെ തളർത്തും ∙ നിക്ഷേപകർ കൂടുതൽ നേട്ടം ഉന്നമിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറും. ഇതിനുള്ള സാധ്യതയാണ് സ്വർണവിലയ്ക്ക് ഊർജമാകുന്നത്.
കേരളത്തിൽ ‘കുഞ്ഞൻ’ കാരറ്റ് സ്വർണാഭരണങ്ങൾക്കും വില പുത്തൻ ഉയരത്തിലെത്തി. 18 കാരറ്റ് സ്വർണത്തിന് ചില കടകളിൽ വില ഗ്രാമിന് 10 രൂപ വർധിച്ച് 7,760 രൂപയായി. മറ്റ് ജ്വല്ലറികളിൽ ഗ്രാമിന് 15 രൂപ ഉയർന്ന് 7,715 രൂപ. വെള്ളിക്ക് ചില കടകളിൽ ഗ്രാമിന് ഒരു രൂപ വർധിച്ച് 125 രൂപയായപ്പോൾ മറ്റു ജ്വല്ലറികൾ ഇന്നലത്തെ വിലയായ 123 രൂപതന്നെ നിലനിർത്തി. ∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് 6,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചു. ∙ ഇന്നു വില ഗ്രാമിന് 20 രൂപ ഉയർന്ന് വില 6,015 രൂപയായി. ∙ 9 കാരറ്റിനു വില ഗ്രാമിന് 10 രൂപ ഉയർന്ന് 3,875 രൂപ.
കേരളത്തിൽ സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി കാരറ്റും ആഭരണത്തിന്റെ ഡിസൈനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35% വരെയൊക്കെയാകാം. 22 കാരറ്റ് (916) സ്വർണാഭരണം ഒരു പവൻ വാങ്ങാൻ 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഇന്ന് 82,000 രൂപയിലധികം നൽകണം.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ഇന്ന് 3 പൈസ ഉയർന്ന് 87.69ൽ ആണ് വ്യാപാരം തുടങ്ങിയത്. രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്നു കൂടുതൽ വർധന രേഖപ്പെടുത്തുമായിരുന്നു.ഈ വർഷം പവന് 90,000 കടക്കും! സ്വർണ വില വർധിക്കാൻ പോകുന്നതേയുള്ളുവെന്ന് ഫിഡിലിറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.