കൊച്ചി : കല രാജു സിപിഎമ്മിനോട് പ്രതികാരം വീട്ടുമോ? കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് ചെയർപഴ്സൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്ന കാര്യമാണത്. സിപിഎം മുൻ കൗൺസിലറായ കല രാജുവാണ് യുഡിഎഫ് സ്ഥാനാർഥി.
അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പം നിന്ന സ്വതന്ത്ര കൺസിലർ പി.ജി.സുനിൽ കുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കുന്നു. നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനും ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ.
ഇക്കഴിഞ്ഞ ജനുവരിയിലുണ്ടായ തട്ടിക്കൊണ്ടുപോകൽ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂത്താട്ടുകുളം നഗരസഭയിലെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. അന്ന് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ, യോഗത്തിനെത്തിയ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടു പോയി. പിന്നാലെ സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാനായില്ല.
കല രാജുവിനെ വൈകിട്ട് മോചിപ്പിക്കുകയും സംഭവുമായി ബന്ധപ്പെട്ട് 2 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിശ്വാസ പ്രമേയ ചർച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടു പോകലിലും സിപിഎമ്മിനെതിരെ കല രാജു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. സിപിഎമ്മുകാർ മർദിച്ചെന്ന് ആരോപിച്ച് കല രാജു എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു.
ഇതിന്റെ ബാക്കിയായാണ് ഈ മാസമാദ്യം നഗരസഭയില്‍ യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇത്തവണ കല രാജു യുഡിഎഫിനു തന്നെ വോട്ടു ചെയ്തു. സ്വതന്ത്ര അംഗം സുനിൽ കുമാറും യുഡിഎഫിനൊപ്പം നിന്നതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. 11നെതിരെ 13 വോട്ടുകൾക്കായിരുന്നു യുഡിഎഫ് വിജയം. എൽഡിഎഫ് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഭരണസമിതിയാണ് അന്ന് പരാജയം ഏറ്റുവാങ്ങിയത്. 25 അംഗ കൗൺസിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്തൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാൽ കല രാജുവും സുനിൽ കുമാറും പിന്തുണച്ചതോടെ അവിശ്വാസം പാസാക്കുകയായിരുന്നു.
രാവിലെ 11 മണിക്ക് ചെയർപഴ്സൻ തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് 2ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നടക്കും. നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ തന്നെ വിജയിക്കാനാണ് സാധ്യത. ചെയർപഴ്സൻ സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് അവസരം നൽകണമെന്ന് കല രാജു യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിൽ തന്നെ തട്ടിക്കൊണ്ടുപോയത് ചെയർപഴ്സന്റെ കാറിലായിരുന്നു എന്നും അതേ കാറിൽ തന്നെ താൻ ചെയർപഴ്സണായി യാത്ര ചെയ്യുമെന്നുമാണ് കല രാജു വ്യക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ല എന്നാണ് കല രാജു പറയുന്നത്. പൊതുപ്രവർത്തകരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റങ്ങളുെട ഭാഗമായാണ് കല രാജുവിനെ മാറ്റി നിർത്തിയിരിക്കുന്നത് എന്നാണ് സിപിഎം നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.