കോട്ടയം: മെഡിക്കല്‍ റെപ്രസെന്റേറ്റീവും പോലീസ് ഉദ്യോഗസ്ഥനും കാണിച്ച മനുഷ്യത്വവും ജാഗ്രതയും ഒരു ജീവന് രക്ഷിച്ചു. ഹൃദയാഘാതംമൂലം കാറില്‍ തളര്‍ന്നുവീണയാളെ ഇരുവരും പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലാക്കി. രോഗി സുഖപ്പെട്ട് വരുന്നു. എംസി റോഡില്‍ നാഗമ്പടം ചെമ്പരത്തിമൂട് വളവിലാണ് സംഭവം.
നിര്‍ത്തിയിട്ട കാറില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന പ്രായമായ ആള് കൈകള്‍കൊണ്ട് ആംഗ്യം കാണിക്കുന്നത്, സ്കൂട്ടറില്‍ ഇതുവഴിവന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവായ എസ്. വിനയന്റെ ശ്രദ്ധയില്‍പ്പെട്ടു. കാറിന്റെ എന്ജിന് ഓണായിരുന്നു. സംശയംതോന്നി വിനയന് നോക്കുമ്പോള്‍, കാറോടിച്ചിരുന്നയാള്‍ ഡ്രൈവര്‍ സീറ്റിലേയ്ക്ക് കുഴഞ്ഞുവീണിരുന്നു.
വായില്‍നിന്ന് നുരയും പതയും വന്നു. ഉടന്‍തന്നെ വിനയന് സമീപമുണ്ടായിരുന്നവരെ വിളിച്ചുവരുത്തി. ഈസമയം സ്ഥലത്തുണ്ടായിരുന്ന യൂണിഫോമിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും കാറിനടുത്തെത്തി. ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്ന കോട്ടയം ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന് അനീഷ് ഇതുകണ്ട് വാഹനം നിര്‍ത്തി. അടുത്തെത്തിയപ്പോള്‍ കാറില്‍ ഉണ്ടായിരുന്നയാളുടെ അവസ്ഥ അനീഷിന് മനസ്സിലായി.
നേരത്തേ നഴ്സായി ജോലി നോക്കിയിരുന്ന അനീഷ് ഉടന്‍തന്നെ സീറ്റ് ചെരിച്ചുകിടത്തി, അബോധാവസ്ഥയിലായ ആള്‍ക്ക് സിപിആര്‍ നല്കി. എതില്‍വശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി. മറ്റൊരു യുവാവ് കാറില്‍ ഇവരെ കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിനയനും കൂടെ കയറി. യാത്രയ്ക്കിടെ അനീഷ് സിപിആര്‍ നല്കിക്കൊണ്ടിരുന്നു.
തെള്ളകം അടുത്തെത്തിയപ്പോള്‍ ബോധം വീണ്ടുകിട്ടി. ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം സംസാരിച്ചുതുടങ്ങി. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ ബാബു ജോസഫിനാണ് സഹജീവികളുടെ ഇടപെടല്‍ രക്ഷയായത്. ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്റര്‍ മുന്‍ ഉദ്യോഗസ്ഥനാണ് ബാബു ജോസഫ്.കാരിത്താസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്കാന് പോകുന്നതിനിടെയാണ് വിനയന് ഇവിടെ എത്തിയത്.
നാഗമ്പടത്ത് ഗതാഗതക്കുരുക്കായതിനാല്‍ വളരെ പതിയെയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്, അതുകൊണ്ടാണ് കാറിനുള്ളില്‍നിന്ന് കൈകളുയര്ത്തിക്കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും ബിഎംഎസ് ജില്ലാ പ്രസിഡന്റ് കൂടിയായ എസ്. വിനയന് പറഞ്ഞു. കാറോടിച്ച് ഇവരെ ആശുപത്രിയിലെത്തിച്ച യുവാവ് ആരെന്ന് അറിവായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.