തിരുവനന്തപുരം: ചികിത്സാ പിഴവെന്ന കാട്ടാക്കട സ്വദേശിനി സുമയ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ഐപിസി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. തൈറോയ്ഡ് ശസ്ത്രക്രിയക്കിടെയായിരുന്നു സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഇതിന് ശേഷം സുമയ്യയ്ക്ക് കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു.
ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമായിരുന്നു സുമയ്യ രംഗത്തെത്തിയത്. ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവിടെയിരുന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നുമായിരുന്നു സുമയ്യ പറഞ്ഞത്. ശസ്ത്രക്രിയക്ക് മുമ്പായി ഡോക്ടര്‍ക്ക് പണം നല്കിയെന്നുള്ള ഗുരുതര ആരോപണവും സുമയ്യ ഉന്നയിച്ചിരുന്നു.
ശസ്ത്രക്രിയ വേഗത്തിലാക്കാന്‍ നാലായിരം രൂപയാണ് നല്‍കിയത്. ഇതിന് ശേഷം ഓരോ തവണ ഡോക്ടറെ കാണുമ്പോഴും അഞ്ഞൂറ് രൂപ വീതം നല്‍കിയിരുന്നുവെന്നും സുമയ്യ ആരോപിച്ചിരുന്നു. അനസ്തേഷ്യ നല്‍കിയതിലും സുമയ്യ സംശയം പ്രകടിപ്പിച്ചിരുന്നു. 'എന്റെ കൊച്ചിനെ തിരിച്ച് നല്‍കണം' എന്ന് അനസ്തേഷ്യ ഡോക്ടറോട് രാജീവ് ഡോക്ടര്‍ പറയുന്നത് കേട്ടതായി സുമയ്യ പറഞ്ഞു. സര്‍ജറിക്ക് ശേഷം രണ്ടാമത് ഓപ്പറേഷന് തിയേറ്ററില്‍ കൊണ്ടുപോയപ്പോഴാണ് ഇത് പറഞ്ഞത്. തനിക്ക് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ തനിക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് കരുതിയതെന്നും സുമയ്യ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചിരുന്നു.
ആ സമയങ്ങളിലെല്ലാം 200, 500 രൂപ വീതം നല്‍കിയിരുന്നുവെന്നും സുമയ്യ പറഞ്ഞു. ഗൈഡ് വയര്‍ കീഹോള്‍ ശസ്ത്രക്രിയ വഴി എടുത്തുനല്‍കാമെന്ന് രാജീവ് ഡോക്ടര്‍ പറഞ്ഞിരുന്നു. ആ ഉറപ്പിന്റെ പേരിലാണ് താന്‍ നിയമനടപടി സ്വീകരിക്കാതിരുന്നത്. ഇപ്പോള്‍ ഗൈഡ് വയര്‍ എടുത്തുനല്കാന് കഴിയില്ലെന്നാണ് ഡോക്ടര്‍ പറയുന്നതെന്നും സുമയ്യ പറഞ്ഞു. ഡോക്ടര്‍ രാജീവിനെ ആരോഗ്യ വിഭാഗം ഡയറക്ടര്‍ അടക്കം സംരക്ഷിക്കുകയാണ്. ഇതില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുമയ്യ പറഞ്ഞിരുന്നു.
2023 മാര്‍ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് ശേഷം സുമയ്യയ്ക്ക് വലിയ രീതിയില്‍ ശ്വാസ തടസ്സവും കിതപ്പും അനുഭവപ്പെട്ടു. 2025 മാര്‍ച്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പോയി. അവിടുത്തെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്സറെ എടുത്തപ്പോഴാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ രാജീവ് ഡോക്ടറെ സമീപിച്ചു. കീഹോള്‍ ശസ്ത്രക്രിയയിലൂടെ എടുത്തുനല്‍കാമെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.