വാഷിങ്ടണ്‍: യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി ആഗ്രഹിച്ചാല്‍ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലന്‍സ്കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
സെലെന്‍സ്കിയുമായി വൈറ്റ്ഹൗസില്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനില്‍നിന്ന് ക്രിമിയ പിടിച്ചെടുത്തത്.
'യുക്രൈന് പ്രസിഡന്റ് സെലെന്‍സ്കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈൻ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല' ട്രംപ് കുറിച്ചു.
അലാസ്കയില്‍ വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്കയില്‍നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയില്‍ എത്തുംമുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പുതിനും പറഞ്ഞു. നാറ്റോയില്‍ ചേരാനുള്ള യുക്രൈന്റെ ശ്രമങ്ങളെ തുടക്കംമുതലേ പുതിനും റഷ്യയും എതിര്‍ക്കുന്നുണ്ട്.
അതേസമയം സെലെന്‍സ്കിയുമായി ട്രംപ് തിങ്കളാഴ്ച വാഷിങ്ടണില്‍ നടത്തുന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക് മെര്ത്സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ, യൂറോപ്യന്‍ കമ്മിഷന് അധ്യക്ഷ ഉര്‍സുല ഫൊണ്ടെ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാന്‍ഡര്‍ സ്റ്റബ്സ് തുടങ്ങിയവരാണ് സെലെന്‍സ്കിയും ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.