ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസനേയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പലുകള്‍ കൂടി നീറ്റിലേക്ക്.
മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് ഹിമഗിരി, ഐഎന്‍എസ് ഉദയഗിരി എന്നീ കപ്പലുകള്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കമ്മിഷന് ചെയ്തു. പ്രോജക്ട് 17 ആല്‍ഫ (P-17A) യുടെ ഭാഗമാണ് പുതിയ കപ്പലുകള്‍. നീലഗിരി-ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളാണ് ഐഎന്‍എസ് ഹിമഗിരിയും ഐഎന്‍എസ് ഉദയഗിരിയും.പ്രോജക്ട് 17 ആല്‍ഫയിലെ മുൻനിര കപ്പലായ ഐഎന്‍എസ് നീലഗിരി ഈ വര്‍ഷമാദ്യം കമ്മിഷന് ചെയ്തിരുന്നു.ഹിമഗിരിയും ഉദയഗിരിയും പ്രധാനമായും രാജ്യത്തിനകത്ത് വികസിപ്പിച്ച ഭാഗങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 75 ശതമാനത്തോളവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഭാഗങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. നാവികസേനയ്ക്ക് മുതല്‍ക്കൂട്ടായി രണ്ട് പ്രധാന കപ്പലുകള്‍ ഒന്നിച്ച് കമ്മിഷന് ചെയ്യാനായത് പ്രതിരോധമേഖലയില്‍ രാജ്യം സ്വാശ്രയത്വത്തിലേക്ക് അടുക്കുന്നുവെന്നതിനെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.
ആദ്യമായാണ് രാജ്യത്തെ പ്രമുഖ കപ്പല്‍ശാലകളില്‍നിന്ന് രണ്ട് പ്രധാന കപ്പലുകള്‍ ഒരേ സമയം കമ്മിഷന് ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സാണ് ഹിമഗിരിയുടെ നിര്‍മാതാക്കള്‍. മുംബൈയിലെ മസഗോണ്‍ ഡോക് ഷിപ്ബില്ഡേഴ്സാണ് ഉദയഗിരി നിര്‍മിച്ചത്.
ഇതോടെ മൂന്ന് ഫ്രിഗേറ്റുകളുള്ള ഒരു സ്ക്വാഡ്രന്‍ ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുകയാണ്. രൂപകല്‍പ്പന, സ്റ്റെല്‍ത്ത്, ആയുധ, സെന്‍സര്‍ സംവിധാനങ്ങളില്‍ അത്യാധുനിക മികവ് പുലര്‍ത്തുന്നവയും ഏതുവിധത്തിലുള്ള സമുദ്ര ദൗത്യങ്ങള്‍ നിര്‍വഹിക്കാനും കഴിവുള്ള യുദ്ധക്കപ്പലുകളാണ് ഹിമഗിരിയും ഉദയഗിരിയും. ഇവയുടെ കമ്മിഷനോടെ നാവികസേനയുടെ യുദ്ധസജ്ജത വർധിക്കും.
ഇന്ത്യന്‍ കപ്പല്‍ശാലകള്‍ സ്വീകരിച്ച മോഡുലാര്‍ രീതിയില്‍ നിര്‍മിച്ചതും ഈ വിഭാഗത്തില്‍ ഏറ്റവും വേഗത്തില്‍ കൈമാറിയ കപ്പല്‍ എന്ന ബഹുമതിയും ഉദയഗിരിക്കുണ്ട്. നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് (ഡബ്യുഡിബി) രണ്ട്രൂ കപ്പലുകളും രൂപകല്‍പ്പന ചെയ്തത്. ഡബ്യുഡിബി രൂപകല്‍പ്പന ചെയ്യുന്ന നൂറാമത്തെ കപ്പലാണ് ഉദയഗിരി. അടുത്തിടെ ഡീകമ്മിഷന്‍ ചെയ്യപ്പെട്ട മുന്‍ഗാമികളുടെ പേരാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്.
ഈ രണ്ട് യുദ്ധക്കപ്പലുകളും ഈസ്റ്റേണ്‍ ഫ്ളീറ്റിന്റെ ഭാഗമാകും. മുന്‍കാല രൂപകല്‍പ്പനകളെ അപേക്ഷിച്ച് ഈ രണ്ട് കപ്പലുകള്‍ കൂടുതല്‍ ആധുനികമാണ്. ഏകദേശം 6,700 ടണ്‍ ഭാരമുള്ള P-17A ഫ്രിഗേറ്റുകള്‍, ശിവാലിക്-ക്ലാസ് ഫ്രിഗേറ്റുകളേക്കാള്‍ ഏകദേശം അഞ്ച് ശതമാനം വലുതാണ്. കൂടുതല്‍ ആകര്‍ഷകമായ രൂപവും കുറഞ്ഞ റഡാര്‍ ക്രോസ്-സെക്ഷനും ഇവയ്ക്കുണ്ട്. നിയന്ത്രിക്കാവുന്ന പിച്ചുള്ള പ്രൊപ്പല്ലറുകളെ പ്രവര്‍ത്തിപ്പിക്കുന്ന ഡീസല്‍ എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളുമാണ് ഇവയ്ക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്.
സൂപ്പര്‍സോണിക് സര്‍ഫേസ്-ടു-സര്‍ഫേസ് മിസൈലുകള്‍, ഇടത്തരം ദൂരപരിധിയുള്ള സര്‍ഫേസ്-ടു-എയര്‍ മിസൈലുകള്‍, 76 എംഎം എംആര്‍ ഗണ്‍, 30 എംഎം, 12.7 എംഎം ക്ലോസ്-ഇന്‍ വെപ്പണ്‍ സിസ്റ്റങ്ങള്‍, കൂടാതെ അന്തര്‍വാഹിനി/വെള്ളത്തിനടിയിലെ ആയുധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ ആയുധങ്ങള്‍ ഇവയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.