തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ ഇരകളായ സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് ഇടത് നേതാക്കള്‍. പരാതിയുള്ള സ്ത്രീകള്‍ ആരോപണവിധേയന്റെ പേര് പറയാന്‍ ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
രാജിവെച്ചാല്‍ തീരുന്ന ഒരു കളങ്കമല്ല ഇതെന്നും വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് വലിയ അപമാനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വരുത്തിവെച്ചതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. ഇരു നേതാക്കളും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിപ്രായം പങ്കുവെച്ചത്.
പി.കെ. ശ്രീമതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;
നീണ്ടു നിന്ന മൗനം എന്നത് കുറ്റസമ്മതമാണ്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചാല്‍ മാത്രം തീരുന്ന കളങ്കമല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്. സമൂഹത്തിനും സംസ്ഥാനത്തിനും, രാഹുലിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കും തീര്‍ത്താല്‍ തീരാത്ത അപമാനം ഉണ്ടാക്കിയിരിക്കുന്ന രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് മാന്യത - അതുണ്ടെങ്കില്‍.പരാതികളുടെ കെട്ട് പൊട്ടിക്കൊണ്ടിരിക്കുകയാണ്.
വി. ശിവന്‍കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;
'ആരോപണവിധേയന് ജനപ്രതിനിധി എങ്കില്‍ ആ സ്ഥാനം രാജിവെയ്ക്കണം' കേരളത്തിലെ പൊതുസമൂഹത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിവാദ വിഷയമുണ്ട്. പേര് വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു ജനപ്രതിനിധി ആണ് ആരോപണ വിധേയന് എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെയുള്ള വ്യക്തിക്കെതിരെയാണ് ഈ ആരോപണം എന്നത് വളരെ ഗൗരവമായ വിഷയമാണ്.
ഈ വനിതകള്‍ക്ക് പേര് വെളിപ്പെടുത്താന്‍ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ല. പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും നല്കി സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാകും. നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തില്‍ ചില നിയമപരമായ കാര്യങ്ങള്‍ കൂടി ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പേര് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും, പോലീസില്‍ പരാതി നല്കാന് അവര്‍ക്ക് കഴിയും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഇരകളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും. ഒരു വനിത, ആരോപണ വിധേയനായ നേതാവിന്റെ പാര്‍ട്ടിയിലെ ഉന്നതരെ പേരുവിവരങ്ങള്‍ സഹിതം അറിയിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെയാണെങ്കില്‍, ആ നേതാക്കള്‍ക്ക് നിയമപരമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം, ഏതെങ്കിലും വ്യക്തി ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞാല്‍ അത് പോലീസിനെ അറിയിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഈ നിയമം ഒരു പൗരന്റെ കടമയായി കണക്കാക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കും.
സ്ത്രീകള്‍ക്ക് പരാതി നല്കാന് എല്ലാ സഹായവും നല്‍കും. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഉറപ്പ് നല്കുന്നു. കൂടുതല്‍ ഗൗരവകരമായ വെളിപ്പെടുത്തലുകള്‍ വാര്‍ത്താചാനലുകളില്‍ വന്നു കഴിഞ്ഞു. ആരോപണ വിധേയന് ജനപ്രതിനിധിയെങ്കില്‍ സംഘടനാ സ്ഥാനങ്ങള്‍ മാത്രം രാജിവെച്ചുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമാകില്ല. സംഘടനയെക്കാള്‍ ആ വ്യക്തി മറുപടി പറയേണ്ടത് സമൂഹത്തോടാണ്.
ജനാധിപത്യത്തില്‍ വോട്ടര്‍മാരാണ് ശക്തി. ജനപ്രതിനിധി വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. ആരോപണങ്ങള്‍ വന്ന സ്ഥിതിക്ക് ഈ വ്യക്തി ജനപ്രതിനിധി ആണെങ്കില്‍ മാപ്പു പറഞ്ഞ് തല്‍സ്ഥാനം രാജിവെക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം അയാളുടെ പ്രസ്ഥാനം രാജി ചോദിച്ചുവാങ്ങണം. ഇല്ലെങ്കില്‍ പൊതുസമൂഹം പ്രത്യേകിച്ച് സ്ത്രീകള്‍ ആ പ്രസ്ഥാനത്തോട് ഒരിക്കലും മാപ്പു നല്‍കില്ല. ധൈര്യം കാണിച്ച സഹോദരിമാരെ അഭിനന്ദിക്കുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.