ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിര്‍ണായക നീക്കം. 2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡോക്ലാമിന് സമീപം ഭൂട്ടാനില്‍ ഇന്ത്യ നിർമിക്കുന്ന റോഡിന്റെ പണി പൂർത്തിയായി.
ഇതോടെ ഡോക്ലാം പ്രവിശ്യയിലേക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും. ഇതിന്റെ ഭാഗമായി ഭൂട്ടാനില്‍ നിര്‍മിച്ച റോഡിലൂടെ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതും സൈനിക നീക്കവും എളുപ്പത്തില്‍ സാധ്യമാകും.
ഡോക്ലാമില് നിന്ന് ഏകദേശം 21 കിലോമീറ്റര്‍ അകലെയുള്ള ഭൂട്ടാനിലെ ഹാ താഴ്വരയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) ഏകദേശം 254 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഭൂട്ടാന് പ്രധാനമന്ത്രി തോബ്ഗേ ഷെറിങ് വെള്ളിയാഴ്ച റോഡ് ഉദ്ഘാടനം ചെയ്തു. ഭൂട്ടാനിലെ തദ്ദേശീയരെ സഹായിക്കുന്നതിനും ആവശ്യമെങ്കില്‍ സുരക്ഷാസേനയുടെ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ഈ റോഡ് സഹായിക്കും.
ടിബറ്റ് സ്വയംഭരണ മേഖലയിലെ ചുംബി താഴ്വരയിലേക്ക് നീളുന്നതാണ് ഈ റോഡ്. ചുംബി താഴ്വരയില് ചൈന സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭൂട്ടാന് സൈന്യത്തെ വേഗത്തില്‍ ചുംബി താഴ്വരയ്ക്ക് സമീപമുള്ള അതിര്‍ത്തിയിലെത്തിക്കാന്‍ ഈ റോഡ് സഹായിക്കും. സാധനങ്ങളുടെ നീക്കത്തിനും ഇത് സഹായിക്കും. ഭൂട്ടാന് ഇപ്പോള്‍ റോഡ് ഉപയോഗിക്കുമെങ്കിലും, ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയ്ക്കും ഇത് പ്രയോജനപ്പെടും.
ചൈനയില്‍ നിന്ന് തുടര്‍ച്ചയായി അതിര്‍ത്തി പ്രകോപനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭൂട്ടാന്. 2017-ല്‍ ഡോക്ലാമില് ജംഫരി റിഡ്ജിനോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. ഓപ്പറേഷന് ജൂനിപര്‍ നീക്കത്തിലൂടെ ഇന്ത്യ ഈ നിര്‍മാണം തടഞ്ഞിരുന്നു. ഇന്ത്യന്‍ സൈന്യം ഡോക്ലാമിലേക്ക് പ്രവേശിച്ച് ചൈനീസ് സൈനികരെ തടയുകയായിരുന്നു. 72 ദിവസത്തോളം നീണ്ട സംഘര്‍ഷ സാഹചര്യത്തിനൊടുവിലാണ് മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയത്.
ഇതോടെ ചൈന ഡോക്ലാമില് അടിസ്ഥാന സൗകര്യങ്ങളും ഹെലിപാഡുകളും നിര്‍മിക്കുകയും പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഭൂട്ടാന്റെ സമീപപ്രദേശമായ ഡോക്ലാം സിക്കിം, ഭൂട്ടാന്, ടിബറ്റ് എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി അടുത്തിടെ ഭൂട്ടാന് സന്ദര്‍ശിക്കുകയും ഹാ വാലി റോഡിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.