തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്കി. രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.
മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കുറ്റാസ്ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് ചികിത്സകള്‍ (Cardiac Resynchronisation Therapy (CRT with Defryibillator - 6 lakh, ICD Dual Chamber - 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജില്‍ ഉള്‍പ്പെടുത്തും. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ബെനിഫിറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തും.
പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി രണ്ട് വര്‍ഷത്തേക്ക് 40 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കിവെക്കണം. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഒരുശതമാനംവരെ മുറി വാടക (5000/ദിവസം)യായി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും.
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്കി.
പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമാക്കി. രണ്ടാംവര്‍ഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വര്‍ധനവുണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തില്‍ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിങ് നടപടികളില്‍ പങ്കെടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
രണ്ടാംഘട്ടത്തിലെ മാറ്റങ്ങൾ
നോണ്‍ എംപാനല്‍ഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകള്‍ക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയില്‍ നിലവിലുള്ള മൂന്ന് ചികിത്സകള്‍ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകള്‍ കൂടി ഉള്‍പ്പെടുത്തും. തുടര്‍ച്ചയായി ചികിത്സതേടേണ്ട ഡേ കെയര്‍ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇന്‍ഷ്വറന്‍സ് പോര്‍ട്ടലില്‍ വണ്‍ ടൈം രജിസ്ട്രേഷന് അനുവദിക്കും.
ഒരേസമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ ക്ലബ് ചെയ്ത് അംഗീകാരം നല്‍കും. പ്രീ ഹോസ്പിറ്റലൈസേഷന്, പോസ്റ്റ് ഹോസ്പിറ്റലൈസേഷന് ചെലവുകള്‍ യഥാക്രമം 3, 5 ദിവസങ്ങള്‍ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാര്‍ഡില്‍ QR code സംവിധാനം ഉള്‍പ്പെടുത്തും.
കരാറില്‍ നിന്നും വ്യതിചലിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ഇന്‍ഷ്വറന്‍സ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബില്‍ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
ഒന്നാം ഘട്ടത്തില്‍ ഇതുവരെ
1,052,121 ക്ലയിമുകള്‍ക്ക് 1911.22 കോടി 2256 അവയവമാറ്റ ചികിത്സ ക്ലയിമുകള്‍ക്ക് - 67.56 കോടി 1647 റിഇമെഴ്സ്മെന്റ്റ് ക്ലയിമുകള്‍ക്ക് - 9.61 കോടി കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉള്‍പ്പെടെ )-1950.00 കോടി ജി എസ് ടി ഒഴികെയുള്ള യഥാര്‍ഥ പ്രിമിയം -1599.09 കോടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.