മുംബൈ : 2008 ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഹർഭജൻ സിങ്, ശ്രീശാന്തിനെ തല്ലിയ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട ലളിത് മോദിക്കെതിരെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി.
ചീപ് പബ്ലിസിറ്റിക്കും വ്യൂസിനും വേണ്ടി 2008ൽ നടന്ന ഒരു കാര്യത്തിലേക്കു വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് മനുഷ്യനല്ലാത്തതുകൊണ്ടാണെന്നു ഭുവനേശ്വരി സമൂഹമാധ്യമത്തിൽ തുറന്നടിച്ചു.
ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിനെതിരെയും ഭുവനേശ്വരി രംഗത്തെത്തി. വിവാദ അഭിമുഖത്തിനെക്കുറിച്ച് ഭുവനേശ്വരി നടത്തിയ പ്രതികരണം ക്ലാർക്ക് നീക്കം ചെയ്തതായും ശ്രീശാന്തിന്റെ ഭാര്യ ആരോപിച്ചു.
‘‘മനുഷ്യത്വ രഹിതവും ഹൃദയശൂന്യവുമായ നടപടിയാണിത്. ഒരുപാടു കഷ്ടപ്പാടുകൾക്കൊടുവിൽ ശ്രീശാന്ത് അഭിമാനിക്കാവുന്നൊരു ജീവിതം കെട്ടിപ്പടുത്തു. 18 വർഷങ്ങൾക്കു ശേഷം ആ ദൃശ്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് വേദനയുണ്ടാക്കുന്നതാണ്. ഇത് ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല വേദനിപ്പിക്കുന്നത്. അവരുടേതല്ലാത്ത കുറ്റത്തിന് ഇനി എന്റെ കുട്ടികളും ചോദ്യങ്ങൾ നേരിടേണ്ടിവരും. ഇങ്ങനെയൊരു കാര്യം ചെയ്തതിന് നിങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്. ശ്രീശാന്ത് കരുത്തും വ്യക്തിത്വവും ഉള്ളൊരു മനുഷ്യനാണ്. ഒരു വിഡിയോയ്ക്കും അത് ഇല്ലാതാക്കാൻ സാധിക്കില്ല.’’
‘‘സ്വന്തം നേട്ടങ്ങൾക്കായി കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും വേദനിപ്പിക്കുന്നതിനു മുൻപ് ദൈവത്തെക്കുറിച്ചോർക്കുക.’’– ഭുവനേശ്വരി വ്യക്തമാക്കി. ലളിത് മോദിയുടെ സുരക്ഷാ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐപിഎൽ മുൻ ചെയർമാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഹർഭജൻ സിങ് ശ്രീശാന്തിനെ തല്ലുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. തർക്കത്തിനിടെ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ് താരങ്ങൾ ഇടപെട്ടാണ് രണ്ടു താരങ്ങളെയും ശാന്തരാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.