കോഴിക്കോട് : ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലെ ഇടപെടലുമായി ബന്ധപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം. എടുത്തുചാടി കന്യാസ്ത്രീകള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന വിമര്‍ശനം രാജീവ് ചന്ദ്രശേഖറിനെതിരെ വലിയ വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
വിഷയം ബിജെപി കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കളൊരുങ്ങുന്നത്. വിഷയത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലില്‍ വി മുരളീധരന്, പി കെ കൃഷ്ണദാസ് വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേ എതിര്‍പ്പ് ആര്‍എസ്എസിനും പോഷക സംഘടനകള്‍ക്കും ഉണ്ട്. ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ് രാജീവ് ചന്ദ്രശേഖര്‍.
ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും രംഗത്തെത്തിയിരുന്നു. നമുക്കിനി പൊലീസും കോടതിയും വേണ്ടെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര് ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകള്‍ കുറ്റക്കാരല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെയാണ് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള് ജാമ്യവും കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകള്‍ പുറത്തിറങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.