ഉയര്‍ന്ന വരുമാനം ലഭിച്ചിട്ടും എന്തുകൊണ്ടാണ് പലരും സാമ്പത്തികമായി സംതൃപ്തരല്ലാത്തത്? ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗശികിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
വരുമാനം കൂടുമ്പോള്‍ ആനുപാതികമായി ചെലവുകളും വര്‍ധിക്കുന്നു. പലപ്പോഴും ഇത് വരുമാന വര്‍ധനവിനേക്കാള്‍ വേഗത്തിലാണെന്നതാണ് വാസ്തവം. വീടുകള്‍, കാറുകള്‍, അവധിക്കാല യാത്രകള്‍, വസ്ത്രങ്ങള്‍, ഭക്ഷണരീതി എന്നിവയ്ക്കെല്ലാം പണം ചെലവഴിക്കുന്നത് കാലംപിന്നിടുംതോറും കൂടിക്കൊണ്ടിരിക്കുന്നു. അതേസമയം ഇത്തരക്കാരുടെ സാമ്പത്തിക സുരക്ഷയാകട്ടെ തീരെ മെച്ചപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മാസം 4.5 ലക്ഷം രൂപ (വാര്‍ഷിക വരുമാനം 54 ലക്ഷം രൂപ) വരുമാനമുള്ളയാളെ നിതിന്‍ കൗശിക് ഉദാഹരിക്കുകയും ചെയ്യുന്നുണ്ട്. ആദായ നികുതിയനത്തില്‍ 12 ലക്ഷം അടച്ചശേഷം 42 ലക്ഷം രൂപയാണ് കയ്യില്‍ കിട്ടുന്നത്. നല്ലരീതിയില്‍ ജീവിക്കാനും ഭാവിയിലേക്ക് കൂടുതല്‍ തുക നീക്കിവെയ്ക്കാനും ഈ വരുമാനം പ്രയോജനപ്പെടുത്താം. എന്നാല്‍ മറിച്ചാണ് നഗരത്തില്‍ ജീവിക്കുന്നയാളുടെ ചെലവഴിക്കല്‍ രീതി.
വീട്ടുവാടകയിനത്തില്‍ 18 ലക്ഷം, കുട്ടികളുടെ സ്കൂള്‍ ഫീസ് ആറ് ലക്ഷം, വീട്ട് സാധനങ്ങള്‍, ഇന്ധനം, വീട്ടു ജോലിക്കരി എന്നിവയ്ക്കായി 4.5 ലക്ഷം. പുറത്തുനിന്നുള്ള ഭക്ഷണം, ആഘോഷങ്ങള്‍ എന്നിവയ്ക്കായി മൂന്ന് ലക്ഷം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിനോദ യാത്രകള്‍ക്കായി 4-5 ലക്ഷം. ഇന്‍ഷുറന്‍സ് പ്രീമിയം, മറ്റ് അറ്റകുറ്റപ്പണി എന്നിവയ്ക്കായി മൂന്ന് ലക്ഷം. ഇതോടെ മൊത്തം വാര്‍ഷിക ചെലവ് 39-40 ലക്ഷം രൂപയാകും. അതുകഴിഞ്ഞ് വെറും 2-3 ലക്ഷം രൂപയാണ് നിക്ഷേപിക്കാനുണ്ടാകുക. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി സമ്പത്തുണ്ടാക്കാന്‍ ഇത് ഒട്ടും പര്യാപ്തവുമല്ല.
വരുമാനത്തിന്റെ വലുപ്പമല്ല, മറ്റുള്ളവരുമായി താരതമ്യം ചെയ്തുള്ള ജീവിതരീതിയും സമ്മര്‍ദവുമൊക്കെയാണ് പ്രശ്നമെന്ന് കൗശിക് വിശദീകരിക്കുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുമുണ്ട്. വിദേശ അവധിക്കാല യാത്രാ ചിത്രങ്ങള്‍, ആഡംബര ഭവനങ്ങള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കുന്നതിലാണ് മത്സരം. പിന്നെ അവരോടൊപ്പമെത്താനുളള ചെലവഴിക്കാലായി. ഇത് വ്യക്തികളെ ഇഎംഐയുടെ ബാധ്യതയില്‍ കുടുക്കുകയും ചെയ്യുന്നു.
കൂടുതല്‍ സമ്പാദിക്കുന്നതിനേക്കാള്‍ അനാവശ്യമായ താരതമ്യങ്ങള്‍ കുറച്ച് സ്വയം നിയന്ത്രണം നേടുന്നതില്‍ സംതൃപ്തി കണ്ടെത്തണം. ഉപഭോഗത്തിനപ്പുറം വ്യക്തിഗതമായ പുരോഗതി ഉറപ്പാക്കുന്നതിലൂടെയാണ് മിടുക്ക് പ്രകടമാക്കേണ്ടത്. അതിന് ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതവേണം. സാമൂഹിക അംഗീകാരത്തേക്കാള്‍ സാമ്പത്തിക സ്വാതന്ത്ര്യം, ബാധ്യതകള്‍ ഇല്ലാതാക്കല്‍ എന്നിവയാണ് ലക്ഷ്യമിടേണ്ടത്.
വാങ്ങിക്കൂട്ടല്‍ സന്തോഷം നല്‍കുമെന്ന ആശയമാണ് ആധുനിക ഉപഭോക്തൃ സംസ്കാരം മുന്നോട്ടുവെയ്ക്കുന്നത്. വാസ്തവത്തില്‍, സമാധാനവും സ്ഥിരതയും തരുന്നത് നിരന്തരമായ വാങ്ങിക്കൂട്ടലുകളിലൂടെയല്ല, മറിച്ച് ബോധപൂര്‍വമായ തിരിഞ്ഞെടുപ്പുകളിലൂടെയാണ്. ജീവിതശൈലി നവീകരണത്തിന് പരിധി നിശ്ചയിക്കുക. ഭാവിയിലെ വരുമാന സാധ്യതകള്‍ തടയുന്ന ബാധ്യതകള്‍ ഒഴിവാക്കുക. ജീവിതരീതി മെച്ചപ്പെടുത്തുന്നതിന് പകരം സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ആഡംബരത്തേക്കാള്‍ ശാന്തമായ ജീവിതത്തിന് മുന്‍ഗണന നല്കി 'വിജയത്തെ' പുനര്‍നിര്‍വചിക്കുക. എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന പരിഹാരം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.