ദുർഗ് (ഛത്തീസ്ഗഢ്): മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിൽ പരിസരത്ത് മധുരവിതരണം നടത്തി ആഘോഷിച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് - ഇടത് ജനപ്രതിനിധികൾ. എം.പിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, പി. സന്തോഷ് കുമാർ, ജെബി മേത്തർ, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, റോജി എം ജോൺ തുടങ്ങിയവർ ഛത്തീസ്ഗഢിൽ എത്തിയിരുന്നു.
മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ഒമ്പത് ദിവസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഇന്ന് രണ്ട് മണിയോടെ ഇവർ പുറത്തിറങ്ങുമെന്നാണ് അഭിഭാഷകൻ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് ബിലാസ്പുർ എൻഐഎ കോടതിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഇന്ന് കോടതി ജാമ്യം നൽകിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുക മാത്രമായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് പോകരുത്. രണ്ട് ആൾജാമ്യം. 50000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.
തങ്ങളുടെ വാദം കോടതിക്ക് ബോധ്യപ്പെട്ടുവെന്നും അതിൽ കഴമ്പുണ്ടെന്ന് തോന്നിയതിനാലാണ് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകൻ ഗോപകുമാർ പറഞ്ഞു. പരാതിക്കാരായ ബജ്രംഗ്ദൾ പ്രവർത്തകരുടെ അഭിഭാഷകർ ആരും തന്നെ കോടതിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
ജാമ്യവാർത്ത പുറത്തുവന്നതിന് പിന്നാലെ ജയിൽ പരിസരത്ത് കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടെ ആഹ്ളാദപ്രകടനവും മധുരവിതരണവും നടന്നു. കോൺഗ്രസ് - ഇടത് നേതാക്കൾ ജയിൽ പരിസരത്ത് എത്തിയിരുന്നു. എല്ലാവരും ഒന്നിച്ചായിരുന്നു ആഘോഷം. 'ഇത് കേരളത്തിന് വേണ്ടിയുള്ള പോരാട്ടമാണ്' എന്ന് ജോസ് കെ മാണി പറഞ്ഞു.
ഇതിനിടെ ഇടയിൽ നിന്ന് 'ഒരു ഇന്ത്യ സഖ്യം ആയി ഇവിടെ' എന്ന കമന്റും ചിരിപടർത്തി. അതേസമയം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഢിലെത്തുമെന്നാണ് വിവരം. ബിജെപിക്കാർ വന്നാൽ അവർക്കും മധുരം കൊടുക്കുമെന്നും അവർക്ക് മധുരം കൊടുക്കാത്തത് ഞങ്ങളുടെ ഇരട്ടത്താപ്പ് കാരണമല്ല, അവരുടെ ഇട്ടത്താപ്പ് കാരണമെന്ന് ജോൺ ബ്രിട്ടാസ് തിരിച്ചടിച്ചു.
എത്രയും പെട്ടെന്ന് ജാമ്യ ഉത്തരവ് ജയിലിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു. ചെയ്യാത്ത തെറ്റിനായിരുന്നു ക്രിസ്തുവിനേയും ക്രൂശിച്ചത്. കന്യാസ്ത്രീകളെ പരസ്യ വിചാരണ നടത്തി ആക്രമിച്ചവർക്കെതിരേയും കേസെടുക്കണം. കേസ് റദ്ദാക്കിയാൽ മാത്രമേ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ എന്നും മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു.
കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ആൾക്കൂട്ട വിചാരണകളും തീവ്രവാദ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.
കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.അറസ്റ്റിന് പിന്നാലെ വൻതോതിൽ പ്രതിഷേധങ്ങൾ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.