ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ കൂട്ടബലാത്സംഗംചെയ്തു. ആളൊഴിഞ്ഞ റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതര്‍ പിന്തുടരുകയും വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗംചെയ്തെന്നുമാണ് പരാതി. ബലാത്സംഗത്തിനിരയായി കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി നിലവില്‍ ചികിത്സയിലാണ്.
ബല്‍റാംപുരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളും പോലീസ് എയ്ഡ്പോസ്റ്റും സ്ഥിതിചെയ്യുന്നതിന് സമീപത്താണ് കാഴ്ച-സംസാര ഭിന്നശേഷിക്കാരിയായ യുവതിക്കുനേരേ അതിക്രമമുണ്ടായത്. ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 21-കാരിയെ ബൈക്കിലെത്തിയ അജ്ഞാതര്‍ പിന്തുടര്ന്നെന്നും തുടര്‍ന്ന് ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോയി ബലാത്സംഗംചെയ്തെന്നുമാണ് പരാതി. യുവതിയെ പ്രതികള്‍ ബൈക്കുകളില്‍ പിന്തുടരുന്നതിന്റെയും യുവതി വേഗത്തില്‍ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏറെവൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പോലീസ് പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അബോധാവസ്ഥയിലാണ് യുവതി കിടന്നിരുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോധം വീണ്ടെടുത്തതിന് പിന്നാലെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന വിവരം വെളിപ്പെടുത്തിയത്. ബൈക്കിലെത്തിയവരാണ് ആക്രമിച്ചതെന്നും യുവതി മൊഴിനല്‍കിയിട്ടുണ്ട്. ചികിത്സയിലുള്ള യുവതിയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എഎസ്പി വിശാല്‍ പാണ്ഡെയും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതികളായ രണ്ടുപേരെ ബുധനാഴ്ച പുലര്‍ച്ചെ പോലീസ് പിടികൂടി. അങ്കുര്‍ വര്‍മ(21), ഹര്‍ഷിത് പാണ്ഡെ(22) എന്നിവരെയാണ് ഏറ്റുമുട്ടലിലൂടെ പോലീസ് കീഴ്പ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ശ്രമിച്ചെന്നും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നും തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസിന്റെ വെടിയേറ്റ രണ്ടുപ്രതികളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയതെന്നും സംഭവത്തില്‍ കൂടുതല്‍പ്രതികളുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, സംഭവത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യുവതിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത് പോലീസ് പോസ്റ്റിന് സമീപത്താണെന്നും എന്നാല്‍, ഇവിടെയുള്ള സിസിടിവി ക്യാമറകളടക്കം തകരാറിലാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജില്ലാ മജിസ്ട്രേറ്റ്, എസ്പി തുടങ്ങിയവരുടെ വസതികള്‍ സ്ഥിതിചെയ്യുന്ന മേഖലയിലാണ് സംഭവമുണ്ടായതെന്നും ഇത് പോലീസിന്റെ വീഴ്ചയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.