ധർമസ്ഥല : ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം കിട്ടിയ ശരീര ഭാഗങ്ങളിൽ അഞ്ചെണ്ണം പല്ലും ഒന്ന് താടിയെല്ലും രണ്ടെണ്ണം തുടയെല്ലുമാണെന്ന് നിഗമനം. ഇവ വിശദ പരിശോധനയ്ക്ക് ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും.
ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലെ പരിശോധനയുടെ മൂന്നാം ദിവസം തലയോട്ടിയടക്കം മനുഷ്യ അസ്ഥികൂടത്തിന്റെ 15 ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇവ പുരുഷന്റേതാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. ശരീരാവശിഷ്ടങ്ങൾ ഒരാളുടേതു തന്നെയാണോ, പുരുഷന്റേതോ സ്ത്രീയുടേതോ എന്നൊക്കെ വിശദ പരിശോധനയ്ക്കു ശേഷമേ പറയാനാകൂ എന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
മംഗളൂരു – ധർമസ്ഥല പാതയിൽ നേത്രാവതി പാലത്തിൽനിന്ന് 50 മീറ്റർ മാത്രം മാറിയുള്ള സ്ഥലത്തുനിന്നാണ് ഇന്നലെ ഉച്ചയോടെ ശരീരാവശിഷ്ടങ്ങൾ കിട്ടിയത്. തൊഴിലാളി ചൂണ്ടിക്കാണിച്ചതിൽ ആറാമത്തെ സ്ഥലമാണിത്. ആദ്യ 2 ദിവസത്തെ തിരച്ചിലിലും ഒന്നും കണ്ടെത്തിയില്ല. അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനായി മാറ്റി. കുഴിയിലെ മണ്ണും ശേഖരിച്ചിട്ടുണ്ട്.
പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ശുചീകരണത്തൊഴിലാളി നടത്തിയതെങ്കിലും പുരുഷന്മാരുടെ മൃതദേഹവും കുഴിച്ചിട്ടതായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളിൽ ഏഴു മുതലുള്ള സ്ഥലങ്ങളിൽ കുഴിയെടുക്കുന്നത് ഇന്നു പുനരാരംഭിക്കും.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.