തിരുവനന്തപുരം: സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക.
എൽപി വിഭാഗത്തിൽ 20-ന് തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കും. ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും.
ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗൺസലിങ് പരിശീലനം 11, 12 തീയതികളിൽ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തിൽ എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തിൽ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
എസ്എസ്‌കെയിൽ പണമില്ല; ക്ലസ്റ്റർ ഓൺലൈനാക്കി
സമഗ്ര ശിക്ഷാ കേരള(എസ്എസ്‌കെ)യിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ, അധ്യാപകർക്കുള്ള ക്ലസ്റ്റർ യോഗങ്ങൾ ഓൺലൈനാക്കി. 13, 14 തീയതികളിൽ രാത്രി ഏഴുമുതൽ എട്ടുവരെയാണ് ഓൺലൈൻ ക്ലസ്റ്റർ. പിഎംശ്രീ-സ്കൂൾ നടപ്പാക്കാത്തതിനാൽ ഒന്നരവർഷമായി എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. കുട്ടികളുടെ ആധാർ രേഖപ്പെടുത്താൻ കൂടുതൽ സമയം അനുവദിക്കാമെന്നും അതനുസരിച്ചാവും തസ്തികനിർണയമെന്നും മന്ത്രി നേരത്തേ ഉറപ്പുനൽകിയിരുന്നു. ഇതുവരെ ഉത്തരവിറങ്ങാത്തതിൽ അധ്യാപകസംഘടനകൾ പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.