ന്യൂഡൽഹി : ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ ഉൾപ്പെട്ട ഭൂമിയിൽ നിന്നും വ്യാപകമായി മരം മുറിച്ച് മാറ്റുന്നുവെന്ന വാർത്തയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ. കേസിൽ സംസ്ഥാന വനംവകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് അയച്ചു.
വനംവകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന മരംമുറി വന സംരക്ഷണ നിയമത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും എതിരാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. കേസിന്റെ തുടർനടപടികൾ ഹരിത ട്രിബ്യൂണലിന്റെ സൗത്ത് സോൺ ബെഞ്ചിൽ നടക്കുമെന്നും ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ച് വ്യക്തമാക്കി.
വനം വകുപ്പിന്റെ അനുമതിയില്ലാതെ കാർഡമം ഹിൽ റിസർവിൽപ്പെട്ട 40 ഏക്കർ ഭൂമിയിലെ മരം മുറിക്കുന്നുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തത്. ഈ ഭൂമിയുടെ ഉടമ അടിമാലി സ്വദേശിയായ വ്യക്തിക്ക് ഏല കൃഷി നടത്തുന്നതിന് പാട്ടത്തിന് വസ്തു നൽകിയിരുന്നു. പാട്ടത്തിന് എടുത്ത വ്യക്തിയാണ് വസ്തുവിലെ മരങ്ങൾ മുറിക്കുകയും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിലെ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗങ്ങളായ ഡോ. എ. സെന്തിൽ വേൽ, ഡോ. അഫ്രോസ് അഹമ്മദ് എന്നിവർ അടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. കേസിൽ സംസ്ഥാന വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, സംസ്ഥാന മലിനീകരണ ബോർഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ ബോർഡ് തുടങ്ങിയവക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് അയച്ചു.
ഹരിത ട്രിബ്യൂണലിന്റെ സൗത്ത് സോൺ ബെഞ്ചിനു മുമ്പാകെ നോട്ടീസിനുളള മറുപടി ഫയൽ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 24 ന് ഈ കേസ് ഹരിത ട്രിബ്യൂണലിന്റെ സൗത്ത് സോൺ ബെഞ്ച് പരിഗണിക്കും. അതിന് ഒരാഴ്ച്ച മുമ്പ് നോട്ടീസിനുള്ള മറുപടി ഫയൽ ചെയ്യണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.