മുംബൈ : ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പാനിക് അറ്റാക്കുണ്ടായതിനെ തുടർന്നുള്ള പരിഭ്രാന്തിക്കിടെ സഹയാത്രികന്റെ മര്‍ദ്ദനമേറ്റ യുവാവിനെ കാണാനില്ലെന്നു പരാതി.
കൊല്‍ക്കത്തയില്‍നിന്ന് അസമിലെ സില്‍ച്ചറിലേക്ക് അടുത്ത വിമാനത്തില്‍ എത്തേണ്ടിയിരുന്ന ഹുസൈന്‍ അഹമ്മദ് മജുംദാർ ഇതുവരെ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഹുസൈന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഹുസൈനെ പ്രതീക്ഷിച്ച് സില്‍ച്ചര്‍ വിമാനത്താവളത്തിലെത്തിയെങ്കിലും കണ്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇൻഡിഗോ വിമാനത്തിൽ ഹുസൈനെ മർദ്ദിച്ച സഹയാത്രകിനെ വിമാനത്തിൽനിന്നു ഇറക്കിവിട്ടത് വാർത്തയായിരുന്നു. മുംബൈ-കൊൽക്കത്ത വിമാനത്തിലായിരുന്നു സംഭവം. മുംബൈയിൽനിന്ന് വിമാനം പുറപ്പെടാൻ തയാറെടുക്കവെ പരിഭ്രാന്തനായ ഹുസൈൻ വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റിൽനിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോൾ മറ്റൊരു യാത്രക്കാരൻ പരിഭ്രാന്തനായ ഹുസൈനെ മർദിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
പരിഭ്രാന്തനായ ഹുസൈനെ രണ്ടു ക്യാബിൻ ക്രൂ അംഗങ്ങൾ ആശ്വസിപ്പിക്കുകയും വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ‘സർ, ദയവായി ഇത് ചെയ്യരുത്’ എന്ന് എയർ ഹോസ്റ്റസ് മർദിച്ച വ്യക്തിയോടു പറയുന്നുണ്ടായിരുന്നു. എന്തിനാണ് നിങ്ങൾ അവനെ അടിച്ചതെന്ന് വിഡിയോ റെക്കോർഡ് ചെയ്ത ആളും ചോദിച്ചു. അവൻ കാരണമാണ് ഞങ്ങൾ പ്രശ്നം നേരിടുന്നത് എന്നായിരുന്നു മർദിച്ച വ്യക്തിയുടെ മറുപടി. നമ്മളെല്ലാവരും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്, പക്ഷേ അവനെ അടിക്കുകയല്ല ചെയ്യേണ്ടതെന്നാണ് യാത്രക്കാരിൽ ചിലർ മർദ്ദിച്ച വ്യക്തിയോട് പറഞ്ഞത്. യുവാവിനു പാനിക് അറ്റാക്ക് സംഭവിച്ചതാണെന്നും വെള്ളം കൊണ്ടുവരാൻ എയർ ഹോസ്റ്റസ് പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. യുവിവാനെ തല്ലിയ സഹയാത്രികനെ തള്ളി ഇൻഡിഗോ പ്രസ്താവനയിറക്കിയിരുന്നു.
ഇത്തരം പെരുമാറ്റം പൂർണമായും അസ്വീകാര്യമാണെന്നും തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും അന്തസും അപകടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തമായി അപലപിക്കുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. യുവാവിനെ മർദ്ദിച്ച വ്യക്തിയെ സുരക്ഷാ അധികാരികൾക്ക് കൈമാറിയെന്നും ഇൻഡിഗോ അറിയിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച്, ഉത്തരവാദിത്തപ്പെട്ട ഏജൻസികളെയെല്ലാം വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
അസമിലെ കച്ചാര്‍ ജില്ലക്കാരനാണ് ഹുസൈന്‍ അഹ്‌മദ് മജുംദാർ. ഇയാൾ മുംബൈയിലെ ഒരു ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. ഹഫിജുല്‍ റഹ്മാന്‍ എന്നയാളാണ് ഹുസൈനെ മര്‍ദിച്ചത്. വിമാനം കൊല്‍ക്കത്തയില്‍ ഇറങ്ങിയതിനു പിന്നാലെ ഹഫിജുലിനെ പോലീസിന് കൈമാറിയിരുന്നു. വിമാനത്തിനുള്ളിലെ വിഡിയോ വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് അതില്‍ ഉള്‍പ്പെട്ടയാള്‍ ഹുസൈന്‍ ആണെന്ന് കുടുംബം തിരിച്ചറിയുന്നത്. ഉധര്‍ബോന്ദ് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.