നോയിഡ: 15 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനോട് ഡേകെയര്‍ ജീവനക്കാരിയുടെ ക്രൂരത. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഡേകെയറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
കരഞ്ഞ കുഞ്ഞിന്റെ മുഖത്തടിക്കുകയും ശരീരത്തില്‍ പലയിടത്തായി കടിക്കുകയും ചെയ്ത ഡേകെയര്‍ ജീവനക്കാരി, കുഞ്ഞിനെ നിരവധി തവണ നിലത്തെക്കേറിയുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. മാതാപിതാക്കളുടെ പരാതിയില്‍ ഡേകെയറിലെ വനിതാ അറ്റന്‍ഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേകെയര്‍ ഉടമയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നോയിഡയിലെ സെക്ടര്‍ 137-ലെ പരസ് ടിയേര റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ ഡേകെയറിലാണ് സംഭവം.
കുഞ്ഞിന്റെ തുടകളിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ആദ്യം അലര്‍ജി മൂലമുള്ള അസ്വസ്ഥതയാണെന്ന് കരുതുകയായിരുന്നു. എന്നാല്‍ ഡേകെയറിലെ അധ്യാപകരും പാടുകള്‍ കണ്ടെത്തിയതോടെ ദമ്പതികള്‍ ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. കുഞ്ഞിന്റെ ശരീരത്തിലുള്ളത് കടിയേറ്റ പാടുകളാണെന്ന് ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍, ഡേകെയറിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് ജീവനക്കാരി കുഞ്ഞിനോട് കാണിച്ച ക്രൂരത വെളിപ്പെട്ടത്. കരഞ്ഞ കുഞ്ഞിനോട് ക്രൂരമായി ജീവനക്കാരി പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുഞ്ഞ് കരഞ്ഞപ്പോള്‍ തല ചുമരില്‍ ഇടിക്കുന്നതും മുഖത്തടിക്കുന്നതും തറയില്‍ ഒന്നിലേറെ തവണ വീഴ്ത്തുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
മേയ് 21 മുതലാണ് കുഞ്ഞിനെ ഡേകെയറില്‍ അയക്കാന്‍ തുടങ്ങിയതെന്ന് പിതാവ് സന്ദീപ് പറയുന്നു. ''ഓഗസ്റ്റ് നാലാം തീയതിയാണ് മകളുടെ തുടയില്‍ പാടുകള്‍ കണ്ടത്. അണുബാധയാണെന്ന് കരുതി ഞങ്ങള്‍ ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹമാണ് കടിയേറ്റ പാടുകളാണിതെന്ന് പറഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഞങ്ങള്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു.
ദിവസവും രണ്ട് മണിക്കൂറാണ് കുഞ്ഞിനെ ഡേകെയറില്‍ വിടാറ്. മൂന്ന് അധ്യാപകര്‍ ഉണ്ടെന്നും അവര്‍ കുട്ടിയെ നന്നായി നോക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞിനെ അറ്റന്‍ഡന്റാണ് നോക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. കുഞ്ഞ് വളരെ സന്തോഷവതിയാണെന്നാണ് ചോദിക്കുമ്പോള്‍ ഡേകെയര്‍ ഉടമ പറയാറ്. 2500 രൂപയാണ് ഫീസായി നല്‍കിയിരുന്നത്.
ഇത്തരമൊരു സംഭവം മറ്റൊരു കുട്ടിക്ക് സംഭവിക്കാതിരിക്കാന്‍ ഡേകെയര്‍ ഉടമയ്ക്കും അറ്റന്‍ഡര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.'' - ഇദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ മറ്റൊരു കുടുംബവും അവരുടെ കുട്ടിക്കും ഡേകെയറില്‍ നിന്ന് സമാനമായ അനുഭവം നേരിടേണ്ടി വന്നതായി അറിയിച്ചിട്ടുണ്ടെന്നും അവര്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.