ബെംഗളൂരു: ധർമസ്ഥലയിലെ ദുരൂഹത വർധിപ്പിച്ച് പൊലീസിൻ്റെ വിവരാവകാശ മറുപടി. 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നാണ് മറുപടി. 2024-ൽ ലഭിച്ച വിചിത്രമായ വിവരാവകാശ മറുപടി വീണ്ടും ചർച്ചയാക്കുകയാണ് ആക്ഷൻ കമ്മിറ്റി. 2000 മുതൽ 2015 വരെയുണ്ടായ അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ബെൽത്തങ്ങാടി പൊലീസിൻ്റെ മറുപടി. ആക്ഷൻ കമ്മിറ്റി അംഗം ടി ജയന്താണ് അപേക്ഷ നൽകിയത്. സ്റ്റേഷൻ പരിധിയിൽ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ച് മൂടിയെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ.
അതേസമയം, ധർമസ്ഥലയിൽ മണ്ണ് നീക്കിയുള്ള പരിശോധന ഇന്ന് പുനരാംരഭിക്കും. ഇനി മൂന്ന് സ്പോട്ടുകളിലാണ് പരിശോധന നടത്താനുള്ളത്. ഇന്നലെ ഞായറാഴ്ചയായതിനാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയില്ല. കൂട്ടത്തോടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്ന കാര്യമായ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ കർണാടകയെ ആകെ ഞെട്ടിച്ച ഒന്നാണ്. 1998-നും 2014- നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്.
അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.