ടോക്യോ: ഉയർന്ന തീരുവ ചുമത്തി ഇന്ത്യക്കെതിരേ യുഎസ് വ്യാപാരയുദ്ധം ആരംഭിച്ചിരിക്കേ, അതിനെ പ്രതിരോധിക്കാനുള്ള സാമ്പത്തിക-വിപണി സഹകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ജപ്പാനിലെത്തി. ഞായറാഴ്ച അദ്ദേഹം ചൈനയും സന്ദർശിക്കുന്നുണ്ട്.
അടുത്ത ഒരു പതിറ്റാണ്ടിനിടെ ജപ്പാനിൽനിന്ന് 10 ലക്ഷം കോടി യെന്നിന്റെ (5.99 ലക്ഷം കോടി രൂപ) സ്വകാര്യനിക്ഷേപം ഇന്ത്യയിലേക്കൊഴുകാൻ മോദിയുടെ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തികപങ്കാളിത്തം, സാമ്പത്തികസുരക്ഷ, വിസ, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, ഇനവേഷൻ, ആരോഗ്യം, പ്രതിരോധം തുടങ്ങി എട്ടോളം മേഖലകളിൽ 10 വർഷത്തേക്ക് തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ആഗോള സുരക്ഷാവെല്ലുവിളികളെ നേരിടാൻ സുരക്ഷാസഹകരണം വർധിപ്പിക്കാനുള്ള രൂപരേഖയുമുണ്ടാക്കി. ചന്ദ്രയാൻ-5 ദൗത്യത്തിൽ ഇന്ത്യയുടെ ഐഎസ്ആർഒയുമായി ജപ്പാൻറെ ബഹിരാകാശ ഏജൻസിയായ ‘ജാക്സ’ സഹകരിക്കും. ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ധാരണകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ചന്ദ്രയാൻ-5 പദ്ധതി. അതിൽ ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണവൈദഗ്ധ്യവും പ്രയോജനപ്പെടുത്താനാകുമെന്നത് ഇന്ത്യക്ക് മുതൽക്കൂട്ടാണ്.
15-ാം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ ടോക്യോവിലെത്തിയ മോദിക്ക് ഹൃദ്യസ്വീകരണമാണ് ഒരുക്കിയത്. പരമ്പരാഗത നൃത്തരൂപങ്ങളും നാടൻഗാനങ്ങളുമായി ജപ്പാൻകാരും മോഹിനിയാട്ടം, കഥക്, ഭരതനാട്യം, ഒഡീസി തുടങ്ങിയ കലാരൂപങ്ങളുമായി ജപ്പാനിലെ ഇന്ത്യൻ സമൂഹവും മോദിയെ സ്വീകരിച്ചു.
രണ്ടുദിന സന്ദർശനത്തിനിടെ ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ-10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ പ്രൊട്ടോടൈപ്പ് നിർമാണശാലയുൾപ്പെടെ നാല് ഫാക്ടറികൾ മോദി സന്ദർശിക്കും.ജപ്പാൻ സന്ദർശനത്തിനുശേഷം ഞായറാഴ്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് തിരിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തും.
മറ്റു പ്രധാനതീരുമാനങ്ങൾ
അടുത്ത അഞ്ചുവർഷത്തിനിടെ അഞ്ചുലക്ഷം തൊഴിലാളികളെ പരസ്പരം കൈമാറാനുള്ള കർമപദ്ധതിക്ക് തുടക്കം. അതിന്റെ ഭാഗമായി വിവിധമേഖലകളിലായി 50,000 ഇന്ത്യൻ വിദഗ്ധതൊഴിലാളികൾക്ക് ജപ്പാൻ വിസ നൽകും. എഐ, അർധചാലകം തുടങ്ങിയ സാങ്കേതികരംഗങ്ങളിൽ ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ഉഭയകക്ഷിസഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു അപൂർവധാതുക്കളുടെ ഖനനത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും തീരുമാനം ഇന്ത്യ-ജപ്പാൻ സംയുക്ത എഐ സംരംഭം
ഇന്ത്യ-ചൈന സൗഹൃദം നിർണായകമെന്ന് മോദി
ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനിൽ പറഞ്ഞു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‍വ്യവസ്ഥയിൽ സ്ഥിരതയുണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം കസാനിൽനടന്ന എസ്‍സിഒ ഉച്ചകോടിക്കിടെ ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തിൽ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.
പുതിയ വിപണിതേടി
യുഎസിന്റെ വ്യാപാരയുദ്ധം ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചിരിക്കേ പുതിയ വിപണിതേടുകയാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, യുഎസിനെതിരേ ദക്ഷിണേഷ്യയിൽ ചൈന, ജപ്പാൻ എന്നിവയെ ചേർത്ത് പുതിയ സാമ്പത്തികചേരിയുണ്ടാക്കാനുള്ള ശ്രമമാണിതെന്നും കണക്കാക്കുന്നു. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിനെ ചൈനയുമായുള്ള സഹകരണം ബാധിക്കില്ലെന്ന് മോദി, ജപ്പാൻനേതൃത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.