തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ ഒന്ന് മുതൽ നിർത്തലാക്കുന്നുവെന്ന വാർത്തകൾക്ക് വ്യക്തത നൽകി തപാൽ വകുപ്പ്. തപാൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള തപാൽ വകുപ്പിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് വകുപ്പ് വിശദീകരണം നൽകി.
“രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കുന്നില്ല. ഇന്ത്യ പോസ്റ്റ് ഈ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിച്ച് നവീകരിക്കുകയാണ് ചെയ്തത്, ഇല്ലാതാക്കുകയല്ല.” സോഷ്യൽ മീഡിയയിൽ വിഷയത്തെ സംബന്ധിച്ച ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് തപാൽ വകുപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
പുതിയ സംവിധാനത്തിൽ, ഉപഭോക്താക്കൾക്ക് രജിസ്റ്റേർഡ് പോസ്റ്റിന്റെ എല്ലാ സവിശേഷതകളും സ്പീഡ് പോസ്റ്റിന്റെ വേഗതയും വിശ്വാസ്യതയോടും കൂടി ആസ്വദിക്കാൻ സാധിക്കും. ഇതിനായി തപാൽ വകുപ്പ് സേവനങ്ങൾ നവീകരിക്കുകയും സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) പത്രക്കുറിപ്പനുസരിച്ച്, രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങൾ ഒരുമിപ്പിക്കാൻ തപാൽ വകുപ്പ് അടിസ്ഥാന സൗകര്യങ്ങൾ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഈ നീക്കം വിതരണത്തിലെ യാത്രാമധ്യേയുള്ള കാലതാമസം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
രജിസ്റ്റേർഡ് പോസ്റ്റിന്റെ മാറ്റമില്ലാതെ തുടരുന്ന പ്രധാന സവിശേഷതകൾ ഇവയാണ്:
വ്യക്തിഗത വിതരണം - വിലാസക്കാരനോ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്തിക്കോ മാത്രമേ പോസ്റ്റ് കൈപ്പറ്റാൻ സാധിക്കൂ. വിതരണം ചെയ്തതിന്റെ രസീത്. നിയമപരമായ സാധുതയും കൈപ്പറ്റിയതിന്റെ രസീതും. പോസ്റ്റുകൾ തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കും.
സ്പീഡ് പോസ്റ്റുമായി സംയോജിപ്പിക്കുന്നതിലൂടെ, രജിസ്റ്റേർഡ് പോസ്റ്റിന്റെ, പഴയ സുരക്ഷാ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് വേഗതയേറിയ വിതരണം ഉറപ്പാക്കുകയെന്നതാണ് വകുപ്പ് ലക്ഷ്യമാക്കുന്നത്.നവീകരിച്ച ഏകീകൃത സേവനത്തിന് കീഴിൽ ഉൾക്കൊള്ളുന്ന സേവനങ്ങൾ; പുതിയ സംവിധാനത്തിൽ, രജിസ്ട്രേഷനോടെ സ്പീഡ് പോസ്റ്റായി ബുക്ക് ചെയ്യുന്ന പോസ്റ്റുകൾ ഇനിമുതൽ വിലാസക്കാരന് മാത്രമായി അയയ്ക്കും. ഉപഭോക്താക്കൾക്ക് സ്പീഡ് പോസ്റ്റിന്റെ അധിക സവിശേഷതകളും പ്രയോജനപ്പെടുത്താം:
വിതരണത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഒടിപി വഴി ഉരുപ്പടികൾ സുരക്ഷിതമാക്കും ക്യാഷ് ഓൺ ഡെലിവറി (COD) സേവനങ്ങൾ ലഭ്യമാകും. ഉൽപ്പന്നങ്ങളുടെ അളവിനനുസരിച്ച് കിഴിവുകൾ നൽകും. തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓൺലൈൻ ട്രാക്കിംഗ് സാധ്യമാകും വലിയ തോതിൽ ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് സൗകര്യങ്ങളും നൽകും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്കായി ദേശീയ അക്കൗണ്ട് സൗകര്യം.ഉപയോക്താക്കളുടെ പ്രതീക്ഷകളും നിലവിലെ വിപണി ആവശ്യങ്ങളും കണക്കിലെടുത്താണ് ഏറ്റവും പുതിയ ഈ നവീകരണം നടത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.