മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം ബുധനാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് തകര്‍ന്നുവീണത്. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. 13 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്. തകര്‍ന്നുവീഴുന്നതിന്റെ തൊട്ടുമുന്‍പ് ഒരു വയസ്സുകാരിയുടെ ജന്മദിനാഘോഷ പരിപാടികള്‍ നടത്തിയിരുന്നു. മരിച്ചവരില്‍ ഈ കുഞ്ഞും അമ്മയും ഉള്‍പ്പെടുന്നു. കുഞ്ഞിന്റെ അച്ഛനായുള്ള തിരച്ചില്‍ തുടരുകയാണ്.
പാല്‍ഘര്‍ ജില്ലയിലെ വിജയ് നഗറിലെ രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. തകര്‍ന്നുവീഴുന്നതിന്റെ തൊട്ടുമുന്‍പായി ബലൂണുകളും ലൈറ്റുകളും കൊണ്ട് അലങ്കരിക്കുകയും കുടുംബം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
കുഞ്ഞായ ഉത്കര്ഷ ജോയലും 24-കാരിയായ അമ്മ ആരോഹി ജോയലും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പിതാവ് ഓംകാര്‍ ജോയലിനായി തിരച്ചില്‍ തുടരുന്നു. അമ്മയെയും കുഞ്ഞിനെയും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 2012-ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ 50 ഫ്ളാറ്റുകളാണുള്ളത്. ഇതില്‍ തകര്‍ന്നുവീണ പിന്‍ഭാഗത്ത് 12 ഫ്ളാറ്റുകളുണ്ടായിരുന്നു. കെട്ടിടം അനധികൃതമായാണ് നിലനിന്നിരുന്നതെന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് കണ്ടെത്തിയിട്ടുണ്ട്.
സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ടായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ യന്ത്രങ്ങളോ മറ്റു വിപുലമായ സംവിധാനങ്ങളോ എത്തിക്കാന്‍ സാധിക്കാതിരുന്നതും മരണം കൂടുന്നതിന് കാരണമായി.ഇതുവരെ 15 പേര് മരിച്ചതായി സ്ഥിരീകരിച്ചു. ആറുപേര്‍ ആശുപത്രിയില്‍വെച്ചും ബാക്കിയുള്ളവര്‍ അപകടസ്ഥലത്തുവെച്ചും മരിച്ചു. ആറുപേര്‍ പരിക്കുകളോട ആശുപത്രിയില്‍ കഴിയുന്നു. സംഭവത്തില്‍ കെട്ടിടനിര്‍മാതാവിനെ അറസ്റ്റുചെയ്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.