തുംകുരു: അമ്മായി അമ്മയ്ക്ക് സ്വഭാവ ദൂഷ്യമെന്ന് ആരോപിച്ച് കൊലപ്പെടുത്തി മകളുടെ ഭർത്താവ് കൂടിയായ ദന്ത ഡോക്ടർ. മൃതദേഹം 19 കഷ്ണങ്ങളാക്കി പലയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ മരുമകൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തുംകുരുവിനെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു.
തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയുടെ മൃതദേഹഭാഗങ്ങൾ പത്തിടങ്ങളിൽ നിന്നായി കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവും ദന്ത ഡോക്ടറുമായ ഡോ. രാമചന്ദ്രപ്പ എസ്, രണ്ട് സഹായികൾ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഏഴിന് തെരുവുനായ മനുഷ്യന്റെ കയ്യുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് പത്തിടങ്ങളിൽ നിന്നായി 42കാരിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
അറസ്റ്റിലായ മൂന്ന് പേരും തുംകുരു സ്വദേശികളാണ്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ലക്ഷ്മിദേവമ്മയ്ക്ക് സ്വഭാവദൂഷ്യം തനിക്ക് അപമാനം ആകുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തുംകുരുവിലെ ചിമ്പുഗനഹള്ളിയിൽ വ്യാഴാഴ്ചയാണ് പ്രദേശവാസി കുറ്റിക്കാട്ടിൽ നിന്ന് ഇറങ്ങി വന്ന തെരുവുനായയുടെ വായിൽ മനുഷ്യന്റെ കൈ ശ്രദ്ധിക്കുന്നത്.
കൊറട്ടഗെരിയ്ക്കും കൊലാലയ്ക്കും ഇടയിൽ നായ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നിയോജക മണ്ഡലത്തിൽ നടന്ന സംഭവമായതിനാൽ കൊലപാതകം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം കേസിൽ രൂപീകരിച്ചിരുന്നു.
പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്ന് കിലോമീറ്റർ പരിധിയിൽ പത്തിടങ്ങളിൽ നിന്നായാണ് മനുഷ്യ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ കണ്ടെത്തിയത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയെ ഓഗസ്റ്റ് 4 മുതൽ കാണാതായിരുന്നു.
മകളെ കാണാനായി പോയ 42കാരി തിരിച്ചെത്തിയില്ലെന്നാണ് പൊലീസിൽ ലഭിച്ച പരാതി. 42കാരിയുടെ ഭർത്താവ് ബാസവരാജുവാണ് ഭാര്യയെ കാണുന്നില്ലെന്ന് പരാതി നൽകിയത്. മൃതദേഹത്തിന്റെ ആദ്യഭാഗം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപാണ് 42കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സിദ്ദാർപെട്ട റോഡിൽ ചിമ്പുഗനഹള്ളിയ്ക്കും വെങ്കടപുരയ്ക്കും ഇടയിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
ഓഗസ്റ്റ് ഏഴിന് ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് നായ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കൈ കടിച്ചു കൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒരുകിലോമീറ്റര്‍ അകലെയായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ മറ്റൊരു കൈകൂടി കണ്ടെത്തി. പിന്നാലെ ഒരു സ്ത്രീയുടെ തലയടക്കം ശരീരഭാഗങ്ങള്‍ പത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
പൊലീസ് അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ലിംഗപുര റോഡ് പാലത്തിന് സമീപം മനുഷ്യന്‍റെ കുടലിന്റെ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ബെൻഡോൺ നഴ്സറിക്ക് സമീപത്ത് നിന്ന് ആമാശയവും മറ്റ് ആന്തരിക അവയവങ്ങളും കണ്ടെത്തി. ജോണിഗരഹള്ളിക്ക് സമീപം രക്തം പുരണ്ട ഒരു ബാഗും കണ്ടെത്തുകയായിരുന്നു. സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിന് സമീപത്തുനിന്ന് രണ്ട് ബാഗുകളിലായാണ് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സിദ്ധാരബെട്ടയ്ക്ക് സമീപത്തുനിന്നും സ്ത്രീയുടെ വെട്ടിമാറ്റിയ തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പത്തിടങ്ങളിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.