കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നിർമാതാവ് സാന്ദ്രാ തോമസ്.
സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണെന്ന് സാന്ദ്ര പറഞ്ഞു. എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ശക്തമായ നിലപാടടെുത്തതിനുപിന്നാലെയാണ് ഉമാതോമസിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം രൂക്ഷമായത്.
ഉമാ തോമസ് എംഎൽഎയ്ക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സാന്ദ്രാ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു. കേരള രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങൾ ഒരു യുവ എംഎൽഎയ്ക്കെതിരെ ഉണ്ടായപ്പോൾ അതിൽ ഒരു സ്ത്രീ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എംഎൽഎയെ സൈബർ ഇടത്തിൽ അക്രമിക്കുന്നതിനെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ പ്രസ്ഥാനം സൈബർ ഇടങ്ങളിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും അതിൽ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവർ ആരെങ്കിലും പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനം അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണ്. അങ്ങനെ എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്. അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ എന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർത്തു.
വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് ഉമാ തോമസിനെതിരെ വന്നത്. ഇതിനകം തന്നെ ഉമാ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.
ഒന്നിനുപുറകേ ഒന്നായി ആരോപണങ്ങളുയരുമ്പോൾ ധാർമിക ഉത്തരവാദിത്വത്തോടെ മാറിനിൽക്കണമെന്നായിരുന്നു ഉമാ തോമസ് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി പാർട്ടി ആവശ്യപ്പെടുകതന്നെ വേണം. പരിചയപ്പെട്ട ദിവസംമുതൽ ഇത്തരമൊരു സൂചനപോലും കിട്ടിയിരുന്നില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നെങ്കിൽ നടപടിയെടുക്കാൻ നേരത്തേ ആവശ്യപ്പെടുമായിരുന്നെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൈബറാക്രമണം ശക്തമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.