ചക്കരക്കൽ (കണ്ണൂർ) : അച്ചാർ കുപ്പിയിൽ ലഹരി മരുന്ന് ഒളിപ്പിച്ച് ഗൾഫിലേക്ക് കൊടുത്തയയ്ക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് പൊലീസ്. മിഥിലാജിനെ കുടുക്കാൻ വേണ്ടിയുള്ള ശ്രമമായിരുന്നോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാൻ കുടുംബം തയാറായിട്ടില്ല. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന, നാട്ടുകാരൻ കൂടിയായ വഹീൻ എന്നയാൾക്ക് കൊടുക്കാൻ ഏൽപ്പിച്ച അച്ചാർ കുപ്പിയിലാണ് കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഒളിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സാധ്യതകളാണ് പൊലീസ് പറയുന്നത്: ലഹരി മരുന്നു കടത്തുന്നതിന് വലിയ ശിക്ഷ ലഭിക്കുന്ന സൗദിയിൽ വച്ച് പിടിക്കപ്പെട്ടാൽ മിഥിലാജ് ജയിലിലാകും. അതുവഴി അവനെ കുടുക്കുക എന്നതാകാം ഒരു ലക്ഷ്യം. മറ്റൊന്ന്, ലഹരി മരുന്നു കിട്ടാൻ പ്രയാസമുള്ള രാജ്യത്ത് ലഹരിയെത്തിയാൽ വൻ തുകയ്ക്ക് വിൽപന നടത്താൻ കഴിയും.കൃത്യമായ പദ്ധതിയോടെയാണ് ലഹരിമരുന്ന് അച്ചാറിന്റെ കുപ്പിയിലാക്കിയത്. കേരളത്തിൽനിന്നു പിടിച്ചാൽ കൊടുത്തയച്ചവരിലേക്ക് അന്വേഷണം വരുമെന്നു പ്രതികൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാകാം കുറഞ്ഞ അളവിൽ ലഹരി വസ്തു വച്ചത്. കൂടുതൽ അളവിൽ വച്ചാൽ കേരളത്തിലും ജാമ്യം കിട്ടില്ലായിരുന്നു. ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31), കെ.കെ. ശ്രീലാൽ (24), പി. ജിസിൻ (26) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
ബുധനാഴ്ച രാത്രിയാണ് ജിസിൻ, അച്ചാറുൾപ്പെടെയുള്ള സാധനങ്ങൾ മിഥിലാജിന്റെ വീട്ടിൽ ഏൽപിച്ചത്. സുഹൃത്ത് ശ്രീലാൽ, ജിസിന്റെ കയ്യിൽ ഏൽപിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീൻ നിരന്തരം ഫോൺ വിളിച്ചതും അച്ചാർ കുപ്പിക്ക് സീൽ ഇല്ലാത്തതുമാണ് കുടുംബത്തിന് സംശയം തോന്നാൻ കാരണം. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോൾ ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കൾ കണ്ടെത്തി. സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിൽ, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി.
മിഥിലാജിന്റെ പിതാവ് ടി. അഹമ്മദിനു തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താൻ സഹായമായത്. വഹീനിന്റെ നിരന്തരമുള്ള ഫോൺവിളിയിൽ സംശയംതോന്നിയപ്പോഴാണ് അഹമ്മദ് അച്ചാർകുപ്പി തുറന്നുപരിശോധിക്കാൻ നിർദേശിച്ചത്. പാക്കറ്റിൽ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയിൽനിന്നാണു പിടികൂടിയതെങ്കിൽ മകൻ ഒരുപക്ഷേ പുറംലോകം കാണില്ലായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. അതിനിടെ, മിഥിലാജ് വ്യാഴാഴ്ച രാത്രി ഗൾഫിലേക്കു തിരിച്ചുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.