ചേർത്തല: ചോറ് വാർക്കാൻ നൂതന ഉപകരണം കണ്ടുപിടിച്ച് ആൻറണി മാത്യു പേറ്റൻ്റ് നേടി !വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായി ചോറ് വാർക്കാൻ പറ്റിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചേർത്തല തുറവൂർ സ്വദേശി ആൻറണി മാത്യു പേറ്റൻ്റ് നേടി.
മലയാളികൾ ചോറ് കഴിക്കാൻ തുടങ്ങിയ കാലം മുതൽ ഇതുവരെ ശരിയായ പരിഹാരം ഇല്ലാതിരുന്ന പ്രശ്നമാണ് വിവിധ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പരിഹരിച്ചതെന്ന് ആൻ്റണി മാത്യു പറയുന്നു. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത വലിപ്പങ്ങളിലുള്ള കലങ്ങളിലും ചരിവങ്ങളിലും ഇത് നിഷ്പ്രയാസം ഘടിപ്പിച്ച് ഉപയോഗിക്കാനാവും.പാചകം ചെയ്യുന്ന കലമായാലും ചരിവമായാലും വച്ചു വാർക്കുന്നതിനായി ഇതിനോടൊപ്പം ഒരു സ്റ്റാൻ്റും ഉണ്ട്. സ്റ്റാൻ്റിൻ്റെ പൊക്കം, കഞ്ഞിവെള്ളം ശേഖരിക്കാനായി എടുക്കുന്ന വ്യത്യസ്ത വലിപ്പങ്ങളിലുള്ള ചരിവങ്ങളുടെ പൊക്കമനുസരിച്ച് ക്രമീകരിച്ച് ഘടിപ്പിക്കാനും പറ്റും.
അരി വെന്തു കഴിയുമ്പോൾ സ്റ്റൗ അണച്ച ശേഷം കലത്തിൻ്റെ മുകളിൽ അടപ്പിനു പകരം റൈസറിൻ്റെ ഷീൽഡ് ഘടിപ്പിക്കുന്നു. കഞ്ഞിവെള്ളം ശേഖരിക്കാനുള്ള ചരിവത്തിൽ, പൊക്കം ക്രമീകരിച്ചാണ് സ്റ്റാൻ്റ് പിടിപ്പിക്കേണ്ടത്. തുടന്ന് റൈസർ ഷീൽഡിൽ പിടിച്ചുപൊക്കി കലം സ്റ്റാൻ്റിൽ താങ്ങിക്കൊണ്ട് സാവധാനം ചരിവത്തിലേക്ക് മറിക്കണം.എല്ലാ പ്രധാന ഘടകങ്ങളുടെയും നിർമാണം സ്റ്റയിൻലെസ് സ്റ്റീലിലാണ്. കൈപ്പൊള്ളൽ ഒഴിവാക്കാൻ ക്രമീകരണമുള്ളതിനാൽ കൈക്കല ഉപയോഗിക്കേണ്ടി വരുന്നില്ല.കഞ്ഞി പാചകം ചെയ്തെടുക്കുന്ന രീതിയിൽ വ്യത്യാസമൊന്നുമില്ല.
വാർക്കുന്നതിലാണ് വ്യത്യാസം. കുട്ടികൾക്കുപോലും നിർഭയം വാർക്കാനാവും വിധം സുരക്ഷിതവും ലളിതവുമാക്കുകയാണ് റൈസർ ചെയ്യുന്നതെന്ന് ആൻ്റണി മാത്യു പറഞ്ഞു. പുറംവാവട്ടം എഴ് ഇഞ്ച് മുതൽ വീടുകളിൽ നിലവിൽ ഉപയോഗിക്കുന്ന ഒന്നര കിലോഗ്രാം അരിവക്കുന്നതുവരെയുള്ള ഏത് വലിപ്പത്തിലുമുള്ള കഞ്ഞിക്കലവും ഇത് ഉപയോഗിച്ച് വാർക്കാം. മിച്ചം വരുന്ന ചോറ് തിളപ്പിക്കാൻ ഉപയോഗിച്ചുവരുന്ന ചരിവങ്ങളിലും ഇത് ഘടിപ്പിച്ച് വാർക്കാം. വീതിയിൽ വക്ക് പുറത്തേക്ക് മടങ്ങിയ ഏതു പാത്രവും പറ്റും.
പ്രഷർകുക്കറിൽ അരിവക്കുക ഇപ്പോൾ വളരെ വ്യാപകമാണ്. എന്നാൽ ചോറിൻ്റെ തനത് രുചിയും ഒട്ടിപ്പിടിക്കാതെയുള്ള നീർവാർച്ചയും സ്റ്റാർച്ചിൻ്റെ ശരിയായ നീക്കം ചെയ്യലും ഇതിൽ സാധ്യമാകാത്തതിനാൽ മണി മണിയായി കിടക്കുന്ന ചോറ് കിട്ടില്ല. എന്നാൽ പ്രഷർകുക്കർ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഇന്ധനത്തിൻ്റെയും സമയത്തിൻ്റെയും ലാഭം കലം ഉപയോഗിച്ചും നേടാൻ കഴിയുമെന്ന് കഴിഞ്ഞ നാലു വർഷമായി റൈസർ ഉപയോഗിച്ചുവരുന്ന ആൻ്റണി മാത്യുവിൻ്റെ ഭാര്യ ജോളി പറയുന്നു. അരി ഒന്ന് തിളപ്പിച്ച് തെർമൽ കുക്കർ എന്ന ചൂടാറാപ്പെട്ടിയിൽ വച്ചാൽ മതി. ഉപയോഗിക്കുന്ന അരിക്ക് അനുസൃതമായി അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർവരെ വച്ചുകഴിഞ്ഞ് ആവശ്യമെങ്കിൽ ഒന്നുകൂടി ചൂടാക്കി റൈസർ ഉപയോഗിച്ച് വാർത്താൽ മണി മണി പോലെയുള്ള ചോറ് ഇന്ധന ലാഭത്തോടെ തയ്യാറാക്കാൻ കഴിയുമത്രേ.
റൈസർ വ്യാവസായികമായി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘തോട്ടാപ്പള്ളി ഇന്നവേറ്റീവ് ഇൻഡസ്ട്രീസ്’ എന്ന ആൻ്റണി മാത്യുവിൻ്റെ സ്ഥാപനത്തിൻ്റെ ഔപചാരിക ഉൽഘാടനം തുറവൂർ വളമംഗലം വടക്ക്, അരൂർ എം.എൽ.എ. ദലീമ ജോജോ ശനിയാഴ്ച (23/8/ 2025) രാവിലെ 10 ന് നിർവഹിക്കും. പ്രോഡക്ട് ലോഞ്ചിങ്ങും അന്നു നടക്കും. തുറവൂർ പഞ്ചായത്ത് പ്രസിഡൻ്റ് മോളി രാജേന്ദ്രൻ അധ്യക്ഷതവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.