ബെംഗളൂരു: ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു. നേരത്തെ സാക്ഷി ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ മൃതദേഹാവശിഷ്ടം ലഭിച്ചതിന് പിന്നാലെ സമീപപ്രദേശങ്ങളിൽ ഇന്നും തെരച്ചിൽ തുടരുകയാണ്. പതിമൂന്നാമത്തെ പോയിൻ്റിന് മുൻപ് ഈ പോയിന്റുകൾക്ക് അടുത്ത് ഒരിക്കൽ കൂടി പരിശോധന പൂർത്തിയാക്കും. ഇന്ന് അന്വേഷണ സംഘം യോഗം ചേർന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. ഡിജിപി സാക്ഷിയുമായി സംസാരിച്ചു. ഇതിനുശേഷമാണ് സമീപപ്രദേശങ്ങളിൽ കൂടി തിരച്ചിൽ നടത്താൻ തീരുമാനമായത്.
ധർമസ്ഥലയിൽ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും ഏറ്റെടുത്ത് അന്വേഷിക്കുെമെന്ന് എസ്ഐടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് വരെ രണ്ട് സ്പോട്ടുകളിൽ നിന്നായി ആകെ നൂറോളം അസ്ഥിഭാഗങ്ങൾ കിട്ടിയിട്ടുണ്ട്. മിനിഞ്ഞാന്ന് മൃതദേഹാവശിഷ്ടം ലഭിച്ച പുതിയ സ്പോട്ടിനെ 11എ എന്ന് വിളിക്കാനും ഈ വനമേഖലയിൽ കൂടുതൽ പരിശോധന നടത്താനും തീരുമാനമായതായി എസ്ഐടി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ധർമസ്ഥലയിൽ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയ അസ്ഥികളിൽ ടിഷ്യു ഭാഗം ഉണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ട നിലയിലുമായിരുന്നില്ല. നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിഭാഗങ്ങൾ ഉണ്ടായിരുന്നത്. അടുത്ത് ഒരു മുണ്ടും മരത്തിൽ കെട്ടിത്തൂങ്ങിയ പോലെ ഒരു സാരി കുടുക്കിട്ടതും ഉണ്ടായിരുന്നു. അസ്ഥിയുടെ ടിഷ്യുവും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ഫൊറൻസിക് പരിശോധനയിൽ പഴക്കം നിർണയിക്കാം. ഈ കേസടക്കം എസ്ഐടിയാണ് അന്വേഷിക്കുക.
അസ്വാഭാവിക മരണമായി കേസ് റജിസ്റ്റർ ചെയ്താകും അന്വേഷണം തുടങ്ങുക. സ്പോട്ട് നമ്പർ ആറിൽ നിന്നും കഴിഞ്ഞ ദിവസം സാക്ഷി ചൂണ്ടിക്കാണിക്കാത്ത പുതിയ സ്പോട്ടിൽ നിന്നും ആകെ കിട്ടിയത് നൂറോളം അസ്ഥിഭാഗങ്ങളാണ്. ഇവയെല്ലാം ബെംഗളുരുവിലെ എഫ്എസ്എൽ ലാബിൽ എത്തിച്ചു. ഇന്നലെ കണ്ടെത്തിയ സ്പോട്ടിനെ 11 എ എന്നാണ് എസ്ഐടി അടയാളപ്പെടുത്തുക. ഈ മേഖലയിൽ മാത്രമല്ല, ബംഗളഗുഡ്ഡ എന്ന ഈ വനമേഖലയിലാകെ സാക്ഷി പറയുന്നതിനനുസരിച്ച് പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
ഇതിനിടെ ധർമസ്ഥലയിൽ 2002-നും 2003-നും ഇടയിൽ പതിനഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഒരു പരിശോധനയും കേസുമില്ലാതെ മറവ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് കാട്ടി ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി അംഗം ടി ജയന്ത് പരാതി നൽകി. നാൽപ്പതുകാരി ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാരോട് പറഞ്ഞാണ് മൃതദേഹം മറവ് ചെയ്തതെന്നും ഇതിന് പൊലീസും കൂട്ടുനിന്നെന്നും ജയന്ത് ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.