അമ്പലപ്പുഴ : തോട്ടപ്പള്ളിക്കടുത്ത് ഒറ്റപ്പനയിൽ തനിച്ചുതാമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇവരുടെ ദേഹത്ത് ആന്തരികമോ ബാഹ്യമോ ആയ ഗുരുതര പരിക്കുകളൊന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനായില്ല. വീട്ടിൽനിന്ന് ഇവരുടെ മൊബൈൽ ഫോണല്ലാതെ ആഭരണങ്ങളോ മറ്റു സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നും പോലീസ് ഉറപ്പാക്കി.
ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മോഷണമോ മറ്റു ദേഹോപദ്രവങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിൽ കൊലപാതകം നടത്തിയത് എന്തിനെന്നു കണ്ടെത്തുകയാണ് പോലീസിനുമുന്നിലുള്ള വെല്ലുവിളി. ഒറ്റപ്പന ചെമ്പകപ്പള്ളിൽ ഹംലത്തി (62)നെയാണ് ഞായറാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകുപൊടി വിതറിയിരുന്നു. വീട്ടിലേക്കുള്ള വൈദ്യുതിക്കമ്പി മുറിച്ച് വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പോലീസ് കൊലപാതകത്തിനു കേസെടുത്തത്. ശനിയാഴ്ച രാത്രി 11-നുശേഷമാണ് കൊലപാതകം നടന്നിട്ടുള്ളത്. ഇവർ ആഹാരം കഴിച്ച് നാലുമണിക്കൂറിനുശേഷമാണ് കൃത്യം നടന്നതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
ആഹാരം കഴിച്ചത് എപ്പോഴെന്നു വ്യക്തമല്ല. രാത്രി കഴിക്കാനുള്ള ഭക്ഷണപ്പൊതിയും വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. ഇവരുടെ സ്വർണാഭരണങ്ങളായ രണ്ടു വളകളും മോതിരവും മാലയും കമ്മലും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ കൊലപാതകത്തിനുപിന്നിൽ മോഷണമല്ലെന്ന് പോലീസ് ഉറപ്പിക്കുന്നു. ഇവരെ പുറത്ത് കാണാഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്കുശേഷമാണ് ബന്ധുക്കളെത്തി മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന്, പോലീസിനെ അറിയിക്കുകയായിരുന്നു.
കൃത്യംനടന്ന് ഇത്രയും മണിക്കൂറുകൾക്കുശേഷം മാത്രം മൃതദേഹം കണ്ടെത്തിയത് പരിശോധനകളെ ബാധിച്ചു. ഞായറാഴ്ച രാത്രി വീട്ടിൽ പോലീസ് കാവലിൽ മൃതദേഹം സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചത്. പത്തുമണിയോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വീടിനടുത്തുള്ള മദ്രസാഹാളിൽ പൊതുദർശനത്തിനുശേഷം രണ്ടുമണിയോടെ തോട്ടപ്പള്ളി മുസ്‌ലിം ജമാ അത്ത് കബറിസ്താനിൽ കബറടക്കി.
മണിക്കൂറുകൾ നീണ്ട പരിശോധന
ഞായറാഴ്ച സന്ധ്യയോടെ സംഭവം നടന്ന വീട്ടിലെത്തിയ പോലീസിന്റെ പരിശോധന മണിക്കൂറുകൾ നീണ്ടു. പലരിൽനിന്നു വിവരങ്ങൾ തേടി. കൊലപാതകം നടന്ന വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പോലീസ് കാവലൊരുക്കി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചിട്ടും അന്വേഷണത്തിനു സഹായമാകുന്ന വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ലെന്നാണ് വിവരം. സമീപത്തെ ഒരു വീട്ടിലും അടുത്തുള്ള മുസ്‌ലിം ജമാ അത്തിലും സിസിടിവി ക്യാമറകളുണ്ടായിരുന്നെങ്കിലും ഇവയിൽനിന്ന് ദൃശ്യങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
അന്വേഷണത്തിന് പ്രത്യേകസംഘം
അമ്പലപ്പുഴ ഡിവൈഎസ്‌പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കുറ്റാന്വേഷണവിദഗ്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇൻസ്പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പതിനഞ്ചംഗ അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ഹംലത്തിന്റെ ഒരു ബന്ധുവിന്റെ മൊഴിയിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. വീട്ടിൽ അതിക്രമിച്ചു കടക്കുക, കൊലപാതകം നടത്തുക എന്നീ വകുപ്പുകളാണ് എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.