ന്യൂഡൽഹി: ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്ന് പാക് സൈനിക മേധാവി അസിം മൂനീര്‍. ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസീം മുനീര്‍ പറഞ്ഞു.
ഓപ്പറേഷന് സിന്ദൂരിനുശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വസ്തുതകള്‍ക്ക് വിരുദ്ധമാണ് ഈ അവകാശവാദങ്ങള്‍. ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് വെടിനിര്‍ത്തല്‍ സാധ്യമായത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെടിനിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും കശ്മീരിലെ 'മനസ്സാക്ഷിയില്ലാത്ത' ആക്രമണത്തില്‍ അപലപിക്കേണ്ടതുണ്ടെന്നുമാണ് മാര്‍ക്കോ റൂബിയോ അന്ന് പറഞ്ഞത്. ബ്രഹ്മോസ്, എസ്സിഎഎല്പി മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ നൂര്‍ ഖാന് വ്യോമതാവളം തകര്‍ത്തതിന് ശേഷമായിരുന്നു ഇത്. ഈ സംഭവത്തെ വളച്ചൊടിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അസീം മുനീര്‍ പറയുന്നത്.
പാകിസ്താന് ഇന്ത്യയ്ക്ക് 'ഉചിതമായ മറുപടി' നല്കി, 'ഇന്ത്യന്‍ നൂതന വിമാനങ്ങളെ' തങ്ങള്‍ വെടിവച്ചു വീഴ്ത്തി, ആഗോളതലത്തില്‍ പാകിസ്താന് കൂടുതല്‍ ബഹുമാനം നേടിയെടുത്തുവെന്നും മൂനീര്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യ വളരെക്കാലമായി തീവ്രവാദത്തിന്റെ പേരില്‍ തെറ്റായ ഇരവാദം നടത്തുന്നു. ഇന്ത്യയ്ക്ക് വെടിനിര്‍ത്തല്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നുവെന്നും തുടര്‍ന്ന് ട്രംപിന് പ്രശ്നത്തില്‍ ഇടപെടേണ്ടി വന്നുവെന്നും മുനീര്‍ പറഞ്ഞു.
ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തെക്കുറിച്ച് മുനീര്‍ കള്ളം പറയുന്നത് ഇതാദ്യമല്ല. യുഎസ് സന്ദര്‍ശനത്തിനിടെ അസിം മുനീര്‍ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി ഉയര്‍ത്തിയിരുന്നു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീറിന്റെ ഭീഷണി.
യുഎസുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീര്‍ ഭീഷണി മുഴക്കി. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിതാല്‍, നിര്‍മാണം പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി.
ഇന്ത്യയ്ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നതിനിടെ റിലയന്‍സിന്റെ ഗുജറാത്തിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയും പാക് സൈനികമേധാവി നടത്തി. ഭാവിയില്‍ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണ ശാലയില്‍ ആക്രമണം നടത്തുമെന്നാണ് അസിം മുനീറിന്റെ പരാമര്‍ശം.
ഇനി ഇന്ത്യയുമായി ഒരു ഏറ്റമുട്ടല്‍ ഉണ്ടായാല്‍, പാകിസ്താന് എന്താണ് ചെയ്യാനാവുക എന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിന് താന്‍ അനുമതി നല്‍കിയതായി അസിം മുനീര്‍ പറഞ്ഞു. മുകേഷ് അംബാനിയുടെ പേര് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
അസിം മുനീറിന്റെ പ്രസ്താവനകള്‍ക്കെതിരെ അതിശക്തമായി കടുത്ത മറുപടിയുമായി ഇന്ത്യ രംഗത്ത് വന്നിരുന്നു. ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാകിസ്താന് ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്നും സ്വന്തം പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള പ്രവര്ത്തനരീതിയാണിതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
പ്രകോപനമുണ്ടാക്കിയാല്‍ പാകിസ്താന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. മേയില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറും തുടര്‍ന്ന് വെടിനിര്‍ത്തലിനായി പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയും പരാമര്‍ശിച്ചായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.